തൃശ്ശൂരില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം;ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കാനെത്തിയ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘടനാ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ്വാലിഹ്, വിഷ്ണു ആര്‍ എന്നിവരടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. മെഡിക്കല്‍ കോളജിന് മുന്നില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യ സര്‍വകലാശാല ബിരുദ ദാന ചടങ്ങിനെത്തിയതായിരുന്നു ഗവര്‍ണര്‍.

പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. ഇന്നലെ വൈകിട്ട് ടൗണ്‍ഹാള്‍ പരിസരത്ത് നിന്ന് അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലിലാക്കിയിരുന്നു. സി ആര്‍ പി എഫ് സുരക്ഷ ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് ഗവര്‍ണര്‍ ഇന്നലെ ജില്ലയില്‍ എത്തിയത്. ഇന്ന് പേരകം വിദ്യാനികേതന്‍ സ്‌കൂള്‍ വാര്‍ഷികത്തിലും നാളെ വാടാനപ്പള്ളി എങ്ങണ്ടിയൂരില്‍ ചരിത്രകാരന്‍ വേലായുധന്‍ പണിക്കശേരിയുടെ നവതിയാഘോഷം ഉദ്ഘാടനച്ചടങ്ങിലും ഗവര്‍ണര്‍ പങ്കെടുക്കും.വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെയാണ് തൃശ്ശൂരിലെത്തിയത്.

Top