Protest against Sudheeran in Malappuram Congress

മലപ്പുറം: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ കേരളരക്ഷാ യാത്രയില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെയും മുസ്‌ലിം ലീഗിനെയും സന്തോഷിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ അവഹേളിച്ചതില്‍ ഗ്രൂപ്പു ഭേദമില്ലാതെ പ്രതിഷേധം പുകയുന്നു.

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിയോജകമണ്ഡലമായ വേങ്ങരയില്‍ നല്‍കിയ സ്വീകരണത്തില്‍ സുധീരന്‍ കെ.പി.സി.സി അംഗവും മണ്ഡലം യു.ഡി.എഫ് ചെയര്‍മാനുമായ പി.എ ചെറീതിനെയും മുന്‍ വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫീര്‍ബാബുവിനെയും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. ഇത് ലീഗ് പ്രവര്‍ത്തകര്‍ക്കും മന്ത്രി കുഞ്ഞാലിക്കുട്ടിക്കും സന്തോഷം പകരുന്ന നടപടിയായി.

മണ്ഡലത്തിലെ മുസ്‌ലിം ലീഗിന്റെ ആട്ടുംതുപ്പുമേറ്റ് ആത്മാഭിമാനം അടിയറവെക്കാതെ പ്രവര്‍ത്തിക്കുന്ന പ്രാദേശിക നേതാക്കളെ അവഹേളിച്ച വി.എം സുധീരന്റെ നടപടി ലീഗ് നേതൃത്വത്തിന് ഓശാന പാടുന്നതാണെന്ന പരാതിയാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. കെ.പി.സി.സി പ്രസിഡന്റിന്റെ ആക്ഷേപത്തിലും അപമാനത്തിലും പ്രതിഷേധിച്ച് ചെറീത് നിയോജകമണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. കെ.പി.സി.സി വിചാര്‍വിഭാഗ് ജില്ലാ ചെയര്‍മാന്‍ കെ.കെ അബ്ദുറഹീം സ്ഥാനം രാജിവെച്ച് സുധീരനെതിരെ വാര്‍ത്താസമ്മേളനവും നടത്തി.

ഐസ്‌ക്രീം കേസിലും ആലപ്പുഴയിലെ കരിമണല്‍ ഖനനത്തിലും പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ നിലപാടാണ് സുധീരന്‍ സ്വീകരിച്ചിരുന്നത്. കരിമണല്‍ പ്രശ്‌നത്തില്‍ ആലപ്പുഴയിലെ സി.പി.എം നേതൃത്വവുമായി സഹകരിച്ചുപോലും സുധീരന്‍ സമരരംഗത്തിറങ്ങിയിരുന്നു.

മുസ്‌ലിം ലീഗിന് സ്വീകാര്യനായിരുന്ന സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായതോടെയാണ് കുഞ്ഞാലിക്കുട്ടിയുമായി അടുത്തത്. അടുത്ത മുഖ്യമന്ത്രിസ്ഥാനത്തേക്ക് യു.ഡി.എഫിലെ രണ്ടാമത്തെ ഘടകകക്ഷിയായ ലീഗിന്റെ പിന്തുണ നിര്‍ണ്ണായകമാണ്. ഇതുവരെ ഉമ്മന്‍ചാണ്ടിയെ തുണച്ച ലീഗ് ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ശക്തമായി എതിര്‍ക്കുന്നത് സുധീരനാണെന്നു പറഞ്ഞാണ് ഇപ്പോള്‍ സുധീരനെ പിന്തുണക്കുന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് ചൂണ്ടിക്കാട്ടിയവരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയും ലീഗ് താല്‍പര്യം സുധീരന്‍ സംരക്ഷിച്ചു. മുസ്‌ലിം ലീഗിനെതിരെ സി.പി.എം സഹായത്തോടെ മത്സരിച്ച കൊണ്ടോട്ടി നഗരസഭയില്‍ കോണ്‍ഗ്രസിനാണ് ചെയര്‍മാന്‍ സ്ഥാനം. എന്നാല്‍ കൊണ്ടോട്ടിയില്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്നാണ് സുധീരന്‍ ആവശ്യപ്പെട്ടത്.

മുന്നണി മര്യാദയനുസരിച്ച് രണ്ടാം കക്ഷിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കുന്നതാണ് യു.ഡി.എഫ് നയം. എന്നാല്‍ മലപ്പുറം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ മുസ്‌ലിംലീഗ് സ്വന്തമാക്കിയിരിക്കുകയാണ്. ഇവിടെ കോണ്‍ഗ്രസിന് അവകാശപ്പെട്ട വൈസ് പ്രസിഡന്റ് സ്ഥാനം പോലും ചോദിച്ചുവാങ്ങി നല്‍കാന്‍ കെ.പി.സി.സി പ്രസിഡന്റ് ഇടപെട്ടിട്ടില്ല. കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍ത്തതിനാല്‍ ഇത്തവണ തിരൂര്‍ നഗരസഭയിലും ലീഗിന് ഭരണം നഷ്ടമായിരുന്നു. പരപ്പനങ്ങാടിയിലാവട്ടെ കേവലം ഒരു വോട്ടിനാണ് ലീഗിന് ഭരണം പിടിക്കാനായത്.

ജില്ലയിലെ പലയിടത്തും മുസ്‌ലിം ലീഗിന്റെ ഏകാധിപത്യത്തിനെതിരെ പൊരുതിയാണ് കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. ഇതുമനസിലക്കാതെ ലീഗിനെ സന്തോഷിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുന്ന സുധീരന്റെ നിലപാടില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനും കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യത്തില്‍ ജില്ലയിലെ ഐ ഗ്രൂപ്പും ആര്യാടനൊപ്പമാണ്.

Top