‘എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്? ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്’; സച്ചിന്റെ വീടിനുമുന്നില്‍ പ്രതിഷേധ ബാനര്‍

മുംബൈ: ബി.ജെ.പി എം.പി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തില്‍ മൗനം തുടരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ പ്രതിഷേധം. വിഷയത്തില്‍ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആണ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധം അറിയിച്ച് മുംബൈ യൂത്ത് കോണ്‍ഗ്രസ് സച്ചിന്റെ വീടിനു തൊട്ടുമുന്നില്‍ ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്.

‘സച്ചിന്‍ ടെണ്ടുല്‍ക്കര്‍, താങ്കളൊരു ഭാരത് രത്ന ജേതാവും മുന്‍ എം.പിയും ക്രിക്കറ്റ് ഇതിഹാസവുമാണ്. ഗുസ്തി കൊച്ചുമാര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന വിഷയത്തില്‍ മൗനം തുടരുന്നത് എന്തുകൊണ്ടാണ്? വര്‍ഷങ്ങളായി യുവ വനിതാ താരങ്ങളെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇവര്‍. താങ്കള്‍ ശബ്ദമുയര്‍ത്തി ഈ പെണ്‍കുട്ടികളെ സഹായിക്കണം. അവര്‍ക്കു നീതിതേടി തുറന്നുസംസാരിക്കണം.’-ബാനറില്‍ ആവശ്യപ്പെടുന്നു.
ബാന്ദ്ര വെസ്റ്റ് പെറി ക്രോസ് റോഡിലുള്ള സച്ചിന്റെ വസതിക്കു മുന്നിലാണ് വലിയ ബാനര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘വോട്ടില്ലാത്ത ഭാരത് രത്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്?’-മുംബൈ യൂത്ത് കോണ്‍ഗ്രസ് വക്താവ് രഞ്ജിത ഘോറെയുടെ പേരിലുള്ള ബാനറില്‍ ചോദിക്കുന്നു. സി.ബി.ഐ റെയ്ഡിനെ പേടിയാണോ എന്നും ചോദ്യം തുടരുന്നുണ്ട്. ‘നമ്മുടെ ഗുസ്തി താരങ്ങള്‍ നീതി തേടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് ബി.ജെ.പി. താങ്കളെപ്പോലെ തന്നെ നമ്മുടെ രാജ്യത്തെ വനിതാ ഗുസ്തി താരങ്ങളും നമ്മുടെ അഭിമാനമാണ്.’-എന്‍.സി.പി ദേശീയ വക്താവ് ക്ലൈഡ് ക്രാസ്റ്റോ പ്രതികരിച്ചു.

അടുത്തിടെയാണ് മഹാരാഷ്ട്ര സര്‍ക്കാരിനു കീഴിലുള്ള ‘സ്മൈല്‍ അംബാസഡര്‍’ ആയി സച്ചിനെ നിയമിച്ചത്. ‘കായികതാരമെന്ന നിലയ്ക്ക് താങ്കളുടെ സഹോദരങ്ങളെ പിന്തുണയ്ക്കല്‍ താങ്കളുടെ ഉത്തരവാദിത്തമാണ്. താങ്കള്‍ തുറന്നുസംസാരിക്കുമെന്നും ഗുസ്തി താരങ്ങളുടെ ‘സ്മൈല്‍ അംബാസഡര്‍’ ആകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ക്രാസ്റ്റോ കൂട്ടിച്ചേര്‍ത്തു.

അതേ സമയം, ലൈംഗികപീഡനക്കേസില്‍ കുറ്റാരോപിതനായ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനു പിന്തുണയുമായി അയോധ്യയിലെ ഹിന്ദു പുരോഹിതന്മാര്‍ രംഗത്തെത്തിയിട്ടുണ്ട്. ജന്‍ ചേതന മഹാറാലി എന്ന പേരില്‍ അയോധ്യയിലെ സന്യാസിമാര്‍ ജൂണ്‍ അഞ്ചിന് ഐക്യദാര്‍ഢ്യ സമ്മേളനം പ്രഖ്യാപിച്ചിരിക്കുകയാണ്. പോക്‌സോ കേസ് നിയമം ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് റാലി.

Top