‘ കേരളത്തിന് വേണ്ടാത്തവരെ ഇങ്ങോട്ട് തട്ടേണ്ട, പിള്ള വന്നാല്‍ പണി കൊടുക്കും’; മിസോറാമില്‍ പ്രതിഷേധം

ഐസ്വാള്‍: കേരളത്തില്‍ ബി.ജെ.പി അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നവര്‍ക്ക് നല്‍കുന്ന ഒരു ഓഫറാണ് മിസോറാം ഗവര്‍ണര്‍ പദവി. മുന്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖന്‍ കുറച്ച് കാലം മിസോറാമില്‍ ഗവര്‍ണറായി ഇരുന്നിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി അദ്ദേഹം പദവി രാജി വെക്കുകയും ചെയ്തു. ആ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്കും ഓഫര്‍ കിട്ടിയിരിക്കുന്നത്.

എന്നാല്‍ ശ്രീധരന്‍ പിള്ളയെ ഗവര്‍ണറാക്കിയതിനെതിരേ മിസോറമില്‍ ഒരു വിഭാഗത്തിന്റെ പ്രതിഷേധം ശക്തമാവുകയാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് ആര്‍.എസ്.എസ് പശ്ചാത്തലമുള്ളയാളെ ഗവര്‍ണറാക്കിയതാണ് പ്രാദേശിക പാര്‍ട്ടിയായ പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റേറ്റസ് ഓഫ് മിസോറം (പ്രിസം) നെ ചൊടിപ്പിച്ചത്.
ക്രിസ്ത്യന്‍ അനുകൂലിയോ അല്ലെങ്കില്‍ മതനിരപേക്ഷകനോ മിസോ ഗവര്‍ണറായി വരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കേരള ബി.ജെ.പി. നേതാക്കളെ വലിച്ചെറിയാനുള്ള ഇടമായാണു മിസോറമിനെ മോഡി സര്‍ക്കാര്‍ കാണുന്നതെന്നും ഇത് തങ്ങളോടുള്ള അവഗമനയുടെ സൂചനയാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

ഭരണഘടനാ പരിരക്ഷയുള്ള ക്രിസ്ത്യന്‍ വിഭാഗമാണ് ഇവിടുത്തേത്. ഇവിടെ ഒരു മതനിരപേക്ഷ ഗവര്‍ണറെ തരേണ്ടത് കേന്ദ്രത്തിന്റെ കര്‍ത്തവ്യമാണെന്നും പ്രിസം പ്രസിഡന്റ് വന്‍ലാല്‍രുവാത്ത പറഞ്ഞു. അതേസമയം, ഗവര്‍ണര്‍മാരെ കൊണ്ടുവന്ന് പിന്‍വാതിലിലൂടെ മിസോറമിലേക്കു കടക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Top