‘പെട്രോള്‍ വില വര്‍ധന’; ഇറാനില്‍ സര്‍ക്കാരിന്റെ സേന കൊന്നൊടുക്കിയത് 106 പേരെ

പെട്രോള്‍ വില വര്‍ധനവിനെതിരെ ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ 106 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രക്ഷോഭം നടത്തുന്ന ജനതയെ ഒതുക്കാന്‍ സര്‍ക്കാര്‍ സൈന്യത്തെ ഉപയോഗിച്ചതായും സംഘടന പറയുന്നു.

ഇറാനിലെ 21 പ്രധാന നഗരങ്ങളില്‍ വെള്ളിയാഴ്ചയാണ് പ്രക്ഷോഭം ആരംഭിച്ചത്. ജനങ്ങള്‍ വാങ്ങുന്ന പെട്രോളിന്റെ അളവ് പരിമിതപ്പെടുത്തിയതിലും വില വര്‍ധിപ്പിച്ചതിലും പ്രതിഷേധിച്ചാണ് ജനങ്ങള്‍ നിരത്തിലിറങ്ങിയത്. കണക്കുകള്‍ പ്രകാരം 106 മരണമാണ് രേഖപ്പെടുത്തിയത് എങ്കിലും ശരിയായ മരണ നിരക്ക് ഇരുന്നൂറ് കവിഞ്ഞിട്ടുണ്ടാകാമെന്നാണ് സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നതെന്നും ആംനസ്റ്റി പറയുന്നു. സംഘര്‍ഷ പ്രദേശങ്ങളില്‍ അക്രമങ്ങള്‍ക്ക് സാക്ഷിയായവരില്‍ നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും കിട്ടിയ വിവരമനുസരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ആംനസ്റ്റിയുടെ ഗവേഷക റാഹ ബഹ്‌റെയ്‌നി പറഞ്ഞു.

നേരത്തെ പതിനായിരം റിയാലിന് മാസം 250 ലിറ്റര്‍ പെട്രോള്‍ വാങ്ങാനായിരുന്നു അനുമതി. എന്നാല്‍ ഇപ്പോള്‍ 15,000 റിയാലിന് 60 ലിറ്റര്‍ പെട്രോള്‍ വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ കൂടുതലായി വാങ്ങുന്ന പെട്രോളിന് ഇരട്ടി വില നല്‍കണം. നിലവില്‍ ഉണ്ടായിരുന്ന സബ്‌സീഡി നിര്‍ത്തലാക്കിയതും പെട്രോള്‍ വില കൂടാന്‍ ഇടയാക്കിയിട്ടുണ്ട്.

ഇറാനുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം സമ്പദ് വ്യവസ്ഥയ്ക്ക് ഏല്‍പിച്ച ആഘാതത്തെ മറികടക്കാനാണ് ഈ നടപടി സ്വീകരിച്ചത് എന്നാണ് സൂചന. 2018ല്‍ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതിനെത്തുടര്‍ന്ന് ഇറാന്റെ എണ്ണ കയറ്റുമതിക്കുമേല്‍ കനത്ത ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയത്. വലിയ നിരക്കില്‍ സബ്സിഡി നല്‍കിയിരുന്നതിനാല്‍ ഏറ്റവും വിലക്കുറവില്‍ എണ്ണ ലഭിച്ചിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇറാന്‍.

Top