പമ്പയില്‍ പ്രതിഷേധം ; ദര്‍ശനം നടത്താതെ തിരിച്ചു പോകില്ലെന്നുറച്ച്‌ മനിതിസംഘം

പമ്പ : ശബരിമലയില്‍ ദര്‍ശനത്തിനായാണ് എത്തിയതെന്നും തിരിച്ചു പോകില്ലെന്നും വ്യക്തമാക്കി മനിതി സംഘടന. എത്ര പ്രതിഷേധമുണ്ടായാലും തങ്ങള്‍ പിന്മാറില്ലന്നും ദര്‍ശനം നടത്തിയേ തിരിച്ചു പോകൂവെന്നും അവര്‍ അറിയിച്ചു.

മനിതി പ്രവര്‍ത്തകരുടെ മറ്റൊരു സംഘം കൂടി ഉടന്‍ എത്തുമെന്നും സംഘടനാംഗം പറഞ്ഞു. സംഘത്തിന്റെ നേതാവ് സെല്‍വി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുണ്ട്.

കൂട്ടായ്മയിലെ ഒരു സംഘം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് നടന്നു കയറുന്നിടത്തെല്ലാം പ്രതിഷേധം ശക്തമായിരുന്നു. കാനന പാതയില്‍ മനിതി സംഘം നടക്കുന്ന വഴിയില്‍ കുത്തിയിരുന്ന് നാമജപം അടക്കം നടത്തിയാണ് പ്രതിഷേധം. റോഡില്‍ കുത്തിയിരുന്നുള്ള പ്രതിഷേധം കാരണം മനിതി സംഘത്തിന് മുന്നോട്ട് പോകാനായിട്ടില്ല.

മല കയറാനെത്തിയ യുവതികളടക്കമുള്ളവരും റോഡില്‍ കുത്തിയിരിപ്പ് തുടങ്ങിയതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സെല്‍വിയെ ചര്‍ച്ചയ്ക്ക് വിളിച്ചത്. എസ് പി അടക്കമുള്ളവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തുമെന്നാണ് വ്യക്തമാകുന്നത്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ദര്‍ശനം നടത്തണമോയെന്ന കാര്യത്തില്‍ ഇവരുടെ നിലപാട് നിര്‍ണായകമാകും.

അതേസമയം കോട്ടയത്തും പരിസര പ്രദേശങ്ങളിലും ബിജെപി വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. കോട്ടയം റെയില്‍വെ സ്റ്റേഷനിലേക്കടക്കം ബിജെപി മാര്‍ച്ച് സംഘടിപ്പിക്കുകയാണ്. റെയില്‍വെ സ്റ്റേഷനിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് ലോ ഗോസ് ജംഗ്ഷനില്‍ വച്ച് പൊലീസ് തടഞ്ഞിട്ടുണ്ട്.നേരത്തെ മുണ്ടക്കയം വണ്ടൻ പതാലിൽ ബിജെപി പ്രവർത്തകർ മനിതി സംഘത്തെ തടയാൻ ശ്രമിച്ചിരുന്നു.

Top