മമത സര്‍ക്കാരിനെതിരെ ഇടതുപക്ഷത്തിന്റെ വന്‍ പ്രതിഷേധം; മാര്‍ച്ചില്‍ സംഘര്‍ഷം

കൊല്‍ക്കത്ത : തൊഴിലില്ലായ്മക്കെതിരെ കൊല്‍ക്കത്തയില്‍ ഇടതുപക്ഷത്തിന്റെ വന്‍ പ്രതിഷേധം. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരടക്കം നൂറുകണക്കിന് പേരാണ് പ്രതിഷേധവുമായി എത്തിയത്.

തൊഴിലില്ലായ്മക്കെതിരെ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തേക്ക് വ്യവസായങ്ങള്‍ വരുന്നില്ലെന്നും തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം മമത പാലിച്ചില്ലെന്നും ഇടതുസംഘടനകള്‍ ആരോപിച്ചു.

ഹുഗ്ലിയിലെ സിംഗൂരില്‍ നിന്നും മാര്‍ച്ചായാണ് പ്രവര്‍ത്തകര്‍ എത്തിയത്. പൊലീസിന് നിയന്ത്രിക്കാനാകുന്നതിലും വലിയ ജനക്കൂട്ടമായി അത് മാറി.

ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. സമരക്കാര്‍ക്കുനേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

Top