കേരള പൊലീസിനെ മാനം കെടുത്തിയ വോട്ട് വിവാദത്തിൽ പ്രതിഷേധം ശക്തം

ന്വേഷണമികവിലും കാര്യക്ഷമതയിലും മികച്ച നിലവാരം പുലര്‍ത്തുന്ന കേരള പോലീസിന് നാണക്കേടായി തപാല്‍ വോട്ട് അട്ടിമറി മാറുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെപ്പോലും സ്വാധീനിക്കുന്നതാണ് പോലീസ് സേനയിലുണ്ടായ തപാല്‍വോട്ട് അട്ടിമറിയെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. ശക്തമായ ത്രകോണ മത്സരം നടന്ന പത്തനംതിട്ട,തിരുവനന്തപുരം, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ തപാല്‍ വോട്ട് എത്രമാത്രം സ്വാധീനെ ചെലുത്തുമെന്നത് നിര്‍ണ്ണായകമാണ്.

2009തില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ സി.പി.എമ്മിലെ മുഹമ്മദ് റിയാസിനെതിരെ കേവലം 838 വോട്ടിന്റെ ഭൂരിപക്ഷത്തിന് മാത്രമാണ് വിജയിച്ചത്.

കോഴിക്കോട്ട് പോസ്റ്റല്‍ ബാലറ്റുകളും നിര്‍ണായകമായിരുന്നു. ഇത്തരത്തില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെല്ലാം തപാല്‍വോട്ടുകള്‍ അതീവ നിര്‍ണായകമാകും.

നിയമംപരിരക്ഷിക്കേണ്ട ഭരണഘടനാപരമായ ബാധ്യതയുള്ള പോലീസ് സേനതന്നെ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടു നില്‍ക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. പോലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായ തപാല്‍വോട്ട് ക്രമക്കേട് ഇന്റലിജന്‍സ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടും ഒരു പോലീസുകാരനെതിരെ മാത്രം കേസും മറ്റ് നാലു പേര്‍ക്കെതിരെ അന്വേഷണവും നടത്തി സംഭവം ഒതുക്കാനാണ് നീക്കം നടക്കുന്നത്.

അതേസമയം നടപടി നാലുപേരിലൊതുക്കി തപാല്‍വോട്ട് അട്ടിമറിക്ക് നേതൃത്വം നല്‍കിയ പോലീസ് അസോസിയേഷനിലെ ഉന്നതരെ രക്ഷപ്പെടുത്താനുള്ള നീക്കത്തില്‍ പോലീസ് സേനയില്‍ തന്നെ പ്രതിഷേധം ശക്തമാവുകയാണ്.

പോലീസുകാരോട് വാട്‌സ്ആപ്പ് സന്ദേശം വഴി ബാലറ്റ് ആവശ്യപ്പെട്ട ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കമാന്‍ഡോ വൈശാഖിനെതിരെയാണ് വകുപ്പു തല നടപടിയും കേസും എടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മറ്റു പോലീസുകാരുടെ ബാലറ്റുകള്‍ സ്വന്തം വിലാസത്തില്‍ സ്വീകരിച്ച തൃശൂര്‍ ഐ.ആര്‍ ബറ്റാലിയനിലെ പോലീസുകാരായ അരുണ്‍ മോഹന്‍, രതീഷ്, രാജേഷ്‌കുമാര്‍, മണിക്കുട്ടന്‍ എന്നിവര്‍ക്കെതിരെ വിശദ അന്വേഷണവുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം അസോസിയേഷന്‍ നേതാക്കളുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായാണ് തപാല്‍വോട്ട് അട്ടിമറി നടന്നതെന്നാണ് പുറത്തുവരുന്ന വിവരം.

സംസ്ഥാനവ്യാപകമായി നടന്ന അട്ടിമറിയില്‍ 600 പോലീസുകാര്‍ മാത്രമുള്ള ഐ.ആര്‍ ബറ്റാലിയനിലുള്ളവര്‍ക്കെതിരെ മാത്രം നടപടിയെടുക്കുന്നതിലെ അനൗചിത്യവും ഇപ്പോള്‍ ചര്‍ച്ചയാവുന്നുണ്ട്. പോലീസ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ മൊഴി നല്‍കരുതെന്ന സമ്മര്‍ദ്ദവും പോലീസുകാരില്‍ ശക്തമാണ്.

തപാല്‍വോട്ടിനൊപ്പം പോലീസുകാരുടെ ഡ്യൂട്ടി വോട്ടും അട്ടിമറിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. സ്വന്തം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ആ മണ്ഡലത്തിലെ ഏതു ബൂത്തിലും വോട്ടു ചെയ്യാന്‍ കളക്ടര്‍ അധികാരം നല്‍കുന്ന നടപടിയാണ് അട്ടിമറിച്ചത്. അതു വഴി പോലീസുകാര്‍ക്ക് തപാല്‍വോട്ടല്ലാതെ മറ്റുനിവൃത്തിയില്ലാതായി. ഈ തപാല്‍വോട്ടുകള്‍ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ കൈക്കലാക്കിയെന്നാണ് ആരോപണം.

കേരളത്തില്‍ വോട്ടെടുപ്പ് ദിവസം 55000 പോലീസുകാരില്‍ ബറ്റാലിയനുകളിലെ ചുരുക്കം ചിലരൊഴികെ 80 ശതമാനവും സ്വന്തം മണ്ഡലത്തിലാണ് ഡ്യൂട്ടി ചെയ്തത്. പോലീസുകാര്‍ക്കും ഡ്യൂട്ടി വോട്ടിന് അര്‍ഹതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇതു സംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ പോലീസ് മേധാവികള്‍ക്കോ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചവര്‍ക്കോ നല്‍കിയിരുന്നില്ല.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള പോലീസുകാരുടെ പട്ടിക ഒന്നര മാസം മുമ്പുതന്നെ തയ്യാറാക്കിയിരുന്നു. മേലുദ്യോഗസ്ഥരില്‍ നിന്നും ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് വാങ്ങി കളക്ടറേറ്റില്‍ അപേക്ഷിച്ചാല്‍ ഇവര്‍ക്ക് ഡ്യൂട്ടി വോട്ട് ചെയ്യാനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുമായിരുന്നു. അങ്ങിനെയെങ്കില്‍ വോട്ടവകാശമുള്ള മണ്ഡലത്തിലെ ഏതു ബൂത്തിലും പോയി ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യാന്‍ പോലീസുകാര്‍ക്ക് അവസരം ലഭിക്കുമായിരുന്നു. ഇതു തടഞ്ഞ് നോഡല്‍ ഓഫീസറെ വച്ച് തപാല്‍വോട്ടുകള്‍ സ്വീകരിച്ച് അട്ടിമറി നടത്തുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള പോലീസുകാര്‍ക്ക് ഓരോ ജില്ലയിലും വോട്ടു ചെയ്യാന്‍ ഒരു പോളിങ് ബൂത്ത് വീതം ഒരുക്കിയപ്പോള്‍ കേരളത്തില്‍ അതും അനുവദിച്ചില്ല. ജനാധിപത്യത്തെ അട്ടിമറിക്കുന്ന തരത്തിലാണ് പോലീസ് സേനയില്‍ തപാല്‍വോട്ട് അട്ടിമറി അരങ്ങേറിയിരിക്കുന്നത്.

പൊലീസ് അസോസിയേഷന് രാഷ്ട്രീയ മുഖം വരുന്നതാണ് കേരള പോലീസിന്റെ വലിയ ശാപം. യു.ഡി.എഫ് ഭരണത്തില്‍ പോലീസ് അസോസിയേഷന്‍ കോണ്‍ഗ്രസ് അനുകൂലവും ഇടതുഭരണത്തില്‍ സി.പി.എം അനുകൂലവുമായി മാറും. രാഷ്ട്രീയ നേതൃത്വത്തില്‍ സില്‍ബന്തികളായി യൂണിഫോമില്ലാതെയാണ് അസോസിയേഷന്‍ നേതാക്കള്‍ സെക്രട്ടറിയേറ്റിലും പോലീസ് ആസ്ഥാനത്തും വിലസുന്നത്.

യൂണിഫോമില്ലാതെ ജോലിചെയ്താണ് അസോസിയേഷന്‍ നേതാക്കള്‍ മറ്റു പോലീസ് ഉദ്യോഗസ്ഥരെ വിരട്ടുക. സ്ഥലം മാറ്റത്തിലും അച്ചടക്ക നടപടിയിലും സ്ഥാനക്കയറ്റത്തിലും വരെ അസോസിയേഷന്‍ ഇടപെടും. പോലീസ് ഉദ്യോഗസ്ഥന്‍മാരുടെയും ഐ.പി.എസുകാരുടെയും വരെ സ്ഥലംമാറ്റങ്ങളില്‍ പോലീസ് അസോസിയേഷന്‍ ഇടപെടുന്നത് സേനയില്‍ നേരത്തെ കല്ലുകടിയായിരുന്നു.

പിണറായി മുഖ്യമന്ത്രിയായ ശേഷം ഐ.പിഎസ് ഉദ്ധ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ പൊലീസ് അസോസിയേഷന്റെ ഒരിടപെടലും നടന്നിരുന്നില്ല.എന്നാല്‍ മറ്റിടങ്ങളില്‍ ഇപ്പോഴും നടക്കുന്നുണ്ട്. സാധാ പൊലീസ്‌കാരനായ അസോസിയേഷന്‍ നേതാവ് ഉദ്യോഗസ്ഥരെ ഭരിക്കാന്‍ വരുന്ന കാര്യം അനുവദിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ക്കിടയിലുള്ളത്.

അച്ചടക്കമുള്ള സേനയായ പോലീസില്‍ സംഘടനാപ്രവര്‍ത്തനം അനുവദിക്കരുതെന്ന വാദം ബാലറ്റ് വിവാദത്തിലൂടെ വീണ്ടും ശക്തമായിരിക്കുകയാണ്. സൈന്യത്തിലും മറ്റു പോലീസ് സേനകളിലും ഇത്തരത്തില്‍ അസോസിയേഷന്‍ പ്രവര്‍ത്തനം നിലവില്‍ അനുവദനീയമല്ല.

സേനയുടെ അച്ചടക്കം, കാര്യക്ഷമത, കര്‍മശേഷി എന്നിവയിലെല്ലാം പൊലീസ് അസോസിയേഷന്‍ പ്രവര്‍ത്തനം പിന്നോട്ടടിപ്പിക്കുമെന്ന ആശങ്ക മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും ഇപ്പോള്‍ പ്രകടിപ്പിക്കുന്നുണ്ട്. അസോസിയേഷന്‍കാരെ വകവെക്കാതെ മുന്നോട്ട് പോകാനുള്ള ആര്‍ജ്ജവം എസ്.ഐ മുതലുള്ള ഉദ്യോഗസ്ഥര്‍ കാണിക്കണമെന്നതാണ് ഐ.പി.എസുകാരുടെ നിലപാട്.

Express Kerala View

Top