കാര്‍ഷിക ബില്‍ അവതരിപ്പിച്ചു; രാജ്യസഭയ്ക്ക് അകത്തും പുറത്തും വന്‍ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: രാജ്യസഭയില്‍ അവതരിപ്പിച്ച കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു. ബില്‍ രാജ്യത്തെ കര്‍ഷകരുടെ മരണവാറണ്ട് ആണെന്നും അതില്‍ ഒപ്പിടാന്‍ തയ്യാറല്ലെന്നും കോണ്‍ഗ്രസ് രാജ്യസഭയില്‍ പറഞ്ഞു. വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ക്കു വേണ്ടിയാണ് രണ്ടു ബില്ലുകളും കൊണ്ടുവന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികള്‍ സഭയില്‍ ആരോപിച്ചു.

കര്‍ഷകര്‍ക്ക് കുറഞ്ഞ താങ്ങുവില നല്‍കുക എന്ന നിയമപരമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണ് ബില്ലിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബില്ലിലൂടെ മോദി രാജ്യത്തെ കര്‍ഷകരെ കോര്‍പറേറ്റുകളുടെ അടിമകളാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

പഞ്ചാബും ഹരിയാനയും അടക്കമുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കാര്‍ഷിക ബില്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ശിവസേനാ എംപി സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. ബില്‍ നിയമമായാല്‍ രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാവില്ലെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്നും ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

രാജ്യസഭയില്‍ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ബിജെപി ഇതര കക്ഷികള്‍ ഒരുമിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. ബില്‍ പരാജയപ്പെടണമെന്നാണ് രാജ്യത്തെ കര്‍ഷകരെല്ലാം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top