പൗരത്വ നിയമം; രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് എന്തൊക്കെ, ആരൊക്കെ വാക്ക് മാറ്റി?

രാഴ്ചയായി ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഇടവേളയില്ലാത്ത അവസ്ഥയാണ്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് ആളിക്കത്തിക്കാന്‍ പ്രതിപക്ഷം ഇറങ്ങിത്തിരിച്ചതോടെ കാര്യങ്ങള്‍ കുഴപ്പത്തിലാണ്. ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പോലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സസുഖം ബില്‍ പാസാക്കിയെങ്കിലും സംഗതി നിയമമായതോടെ പല പാര്‍ട്ടികളും നിലപാട് മാറ്റി. ഇപ്പോള്‍ ഏതെല്ലാം പാര്‍ട്ടികള്‍ ഏത് തലത്തിലാണ് നില്‍ക്കുന്നതെന്ന് നോക്കാം.

കേന്ദ്രത്തിന് പുറമെ 17 സംസ്ഥാനങ്ങളിലും ഭരണം നിയന്ത്രിക്കുന്ന ബിജെപി പൗരത്വ നിയമത്തെ കൈവിട്ടിട്ടില്ല. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയമാണ് നടപ്പാക്കിയതെന്ന് ബിജെപി ആവര്‍ത്തിക്കുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനത്തിനൊന്നും കേന്ദ്രം മുതിര്‍ന്നിട്ടില്ല, വിശദീകരണങ്ങള്‍ മാത്രമാണ് നല്‍കുന്നത്. ഒരു ഇന്ത്യന്‍ മുസ്ലീമും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിട്ടുണ്ട്.

പൗരത്വ ബില്ലിനെതിരെ പ്രധാനമായും പ്രതിഷേധത്തിന് ഇറങ്ങുന്നത് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി ഘടകമായ എന്‍എസ്‌യുഐയാണ്. സോണിയാ ഗാന്ധി മുതല്‍ സകല നേതാക്കളും ഒന്നടങ്കം പ്രതിഷേധത്തിന്റെ ഭാഗമായി ശബ്ദം ഉയര്‍ത്തുന്നു. അതേസമയം രാഹുല്‍ ഗാന്ധിയെ ഇതിലൊന്നും കാണാനുമില്ല. ഇത് വെറുതെയല്ലെന്നാണ് നിരീക്ഷകരുടെ പക്ഷം. മുസ്ലീം പ്രശ്‌നം മാത്രം ഉയര്‍ത്തി നിയമത്തെ എതിര്‍ത്താല്‍ തിരിച്ചടി കിട്ടുമെന്ന ആശങ്കയാണ് രാഹുലിനെ പിന്നോട്ട് വലിക്കുന്നത്. മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ വയനാട് നിന്നും ജയിച്ച രാഹുലിന് വിമര്‍ശനങ്ങള്‍ ഒഴിവാക്കാനുള്ള മറയാണ് വിദേശ യാത്ര.

തന്റെ മൃതശരീരത്തിന് മുകളിലൂടെ മാത്രം പശ്ചിമ ബംഗാളില്‍ പൗരത്വ നിയമം പാസാക്കാമെന്നാണ് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയുടെ പ്രഖ്യാപനം. കൊല്‍ക്കത്തയില്‍ പൗരത്വ ബില്ലും, പൗരത്വ രജിസ്റ്ററും ഉയര്‍ത്തി റാലികള്‍. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണമെന്ന മുന്‍നിലപാട് മമത സസുഖം വിഴുങ്ങി.

35 വര്‍ഷം ബിജെപിക്കൊപ്പം സഖ്യത്തില്‍ നിന്ന് അടുത്തിടെ വേര്‍പിരിഞ്ഞ ശിവസേനയ്ക്ക് ഇപ്പോഴും വ്യക്തതയില്ല. ലോക്‌സഭയില്‍ ബില്ലിനെ അനുകൂലിച്ച സേന, രാജ്യസഭയില്‍ വോട്ട് ചെയ്യാതെ വിട്ടുനിന്നു. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ സേനയോട് ചോദ്യം ഉന്നയിച്ച് ബിജെപി എരിതീയില്‍ എണ്ണ ചേര്‍ക്കുന്നുമുണ്ട്.

അസം ഗണ പരിഷത്ത്, ബിജു ജനതാദള്‍ എന്നിവരും സേനയുടെ അവസ്ഥയിലാണ്. പാര്‍ലമെന്റില്‍ ബില്ലിനെ തുണച്ച ഇവര്‍ സ്വന്തം സംസ്ഥാനങ്ങളായ ആസാമിലും, ഒഡീഷയിലും മറിച്ചൊരു നിലപാടാണ് പയറ്റുന്നത്. ജെഡിയു ബില്ലിനെ അനുകൂലിച്ചെങ്കിലും ചില സുപ്രധാന നേതാക്കള്‍ ഇതില്‍ എതിര്‍പ്പ് രേഖപ്പെടുത്തി രംഗത്ത് വന്നു.

ബില്ലിനെ നിശിതമായി വിമര്‍ശിച്ച എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസി പുറത്ത് യാതൊരു പ്രതിഷേധത്തിനുമില്ല. യൂണിവേഴ്‌സിറ്റികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടത് പക്ഷത്തിന്റെ പ്രതിഷേധം ഇവിടെ തന്നെ ഒതുങ്ങി നില്‍ക്കുന്നു.

Top