ഹോങ്കോങില്‍ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു: സമരമുഖത്തിറങ്ങി അധ്യാപകര്‍

ഹോങ്കോങ്‌ : ചൈനക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമായ ഹോങ്കോങില്‍ ആയിരക്കണക്കിന് അധ്യാപകര്‍ തെരുവിലിറങ്ങി. വിദ്യാര്‍ഥികളോട് പൊലീസ് കാട്ടുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു അധ്യാപകരുടെ പ്രകടനം. സമരത്തിന്റെ പതിനൊന്നാമത്തെ ആഴ്ച പൂര്‍ത്തിയാകുന്ന ഇന്ന് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലിയും ഹോങ്കോങ്ങില്‍ നടക്കും. കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് കൈമാറുന്ന ബില്ലിന്റെ പേരിലാണ് പ്രതിഷേധം ആരംഭിച്ചത്.

ആയിരക്കണക്കിന് അധ്യാപകാരണ് ഇന്നലെ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയത്. പ്രതികൂല കാലവസ്ഥയെ വകവെക്കാതെയാണ് പ്രകടനം നടത്തുന്നതിനായി അധ്യാപകര്‍ അണിനിരന്നത്. ഭരണാധികാരി കാരി ലാമിന്റെ വസതിയിലേക്ക് നടത്താനിരുന്ന മാര്‍ച്ച് പൊലിസ് എത്തി തടഞ്ഞ് ദിശമാറ്റി വിടുകയായിരുന്നു.

ഭാവിയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളെ സംരക്ഷിക്കണമെന്നായിരുന്നു അവരുടെ മുദ്രാവാക്യം. പ്രധാന റോഡുകളെല്ലാം കയ്യടക്കിയായിരുന്നു അധ്യാപകര്‍ പ്രതിഷേധം നടത്തിയത്. കുട്ടികള്‍ക്ക് മാതൃക ആകേണ്ടത് അധ്യാപകാരണെന്നും തെറ്റുകള്‍ക്കെതിരെ പ്രതികരിക്കുമെന്നുമാണ് അധ്യാപകര്‍ പറയുന്നത്. പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിഡ്‌നിയിലും ഇന്നലെ മാര്‍ച്ച് നടന്നിരുന്നു. അതേ സമയം അധികൃതരെ അനുകൂലിച്ചും ഹോങ്കോങ്ങില്‍ ഇന്നലെ മാര്‍ച്ച് നടക്കുകയുണ്ടായി.

ജൂണ്‍ ആദ്യവാരം ആരംഭിച്ച പ്രതിഷേധം രണ്ട് മാസം പിന്നിടുമ്പോള്‍ സംഘര്‍ഷഭരിതമാവുകയാണ്.പതിഷേധങ്ങള്‍ കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് ഹോങ്കോങ്ങില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Top