ഗള്‍ഫിലുള്ള ഇന്ത്യക്കാരെ സുരക്ഷിതരാക്കണം; കേന്ദ്രത്തോട് പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: സൗദി, ദുബായ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു. അമേരിക്ക- ഇറാന്‍ പോര് മൂര്‍ച്ചിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഉടന്‍ നടപടി വേണമെന്ന് പറഞ്ഞിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ എന്നിവരോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അമേരിക്ക മാത്രമല്ല സഖ്യകക്ഷികളായ രാജ്യങ്ങളും ഭയക്കണം എന്ന മുന്നറിയിപ്പ് ഇറാന്‍ നല്‍കിയതോടെയാണ് ഗള്‍ഫ് രാജ്യങ്ങളും പ്രതിസന്ധിയിലായിരിക്കുന്നത്. തുടര്‍ന്നാണ് ഇന്ത്യക്കാരുടെ കാര്യത്തില്‍ അമരീന്ദര്‍ സിംഗ് ആശങ്ക പ്രകടിപ്പിച്ചത്.

അതേസമയം ഇറാഖിലുള്ള ഇന്ത്യക്കാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇറാഖിലൂടെയുള്ള ആഭ്യന്തര യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചതായും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. ഇറാഖിലേക്കുള്ള അത്യാവശ്യമില്ലാത്ത യാത്രകള്‍ ഇന്ത്യക്കാര്‍ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ട്വീറ്റില്‍ പറയുന്നുണ്ട്.

Top