Prostitute slur against Mayawati: BSP workers hold protests

ലക്‌നൗ: ബിഎസ്പി നേതാവ് മായാവതിയെ വേശ്യയോട് താരതമ്യപ്പെടുത്തി പ്രസംഗിച്ച ബിജെപി നേതാവ് ദയാശങ്കര്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ലക്‌നൗവില്‍ വന്‍പ്രതിഷേധം. ദയാശങ്കറിനെ അറസ്റ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ അണികള്‍ തെരുവിലിറങ്ങുമെന്നും മായാവതി കഴിഞ്ഞദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു.

യുപിയില്‍ ബിജെപിയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി നിയമിതനായ ശങ്കര്‍ തനിക്ക് ലഭിച്ച സ്വീകരണ പരിപാടിക്കിടെയാണ് പ്രസ്താവന നടത്തിയത്. ‘മായാവതി ടിക്കറ്റ് വില്‍ക്കുകയാണ്. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന അവര്‍ വലിയ നേതാവാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അവര്‍ ഒരു കോടിയുമായി ചൊല്ലുന്ന ആര്‍ക്കും ടിക്കറ്റ് നല്‍കുന്നു. രണ്ട് കോടിയുമായി വന്നാല്‍ മായാവതി അവര്‍ക്കും ടിക്കറ്റ് നല്‍കുന്നു. മൂന്ന് കോടിയും കൊണ്ട് ആരെങ്കിലും വരികയാണെങ്കില്‍ മുമ്പത്തെ സ്ഥാനാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്ത ടിക്കറ്റ് റദ്ദാക്കി അവനെ തിരഞ്ഞെടുക്കുന്നു. മായാവതിയുടെ സ്വഭാവം വേശ്യയുടെ നിലവാരത്തേക്കാള്‍ അധ:പതിച്ചിരിക്കുന്നു’ ഇങ്ങനെയായിരുന്നു ശങ്കറിന്റെ പ്രസംഗം.

അതേസമയം, ദയാശങ്കര്‍ സിംഗിനെ വിമര്‍ശിച്ചും മായാവതിക്ക് പിന്തുണ അര്‍പ്പിച്ചും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രംഗത്തെത്തി. ദയാശങ്കര്‍ സിംഗിനെ പാര്‍ട്ടി പദവികളില്‍ നിന്നും പുറത്താക്കിയാല്‍ പോരെന്നും അദ്ദേഹത്തെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു.

ദയാശങ്കറിന്റെ അഭിപ്രായം പാര്‍ട്ടിക്ക് സ്വീകാര്യമല്ലെന്നും അദ്ദേഹത്തെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്യുന്നതായും ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ അറിയിച്ചിരുന്നു.

Top