കേസുകള്‍ നടത്തുന്നത് ഭാര്യയുടെ ചിലവില്‍; കോടതിയില്‍ ദുരവസ്ഥ വിവരിച്ച് അനില്‍ അംബാനി

ലണ്ടന്‍: ചൈനീസ് ബാങ്കുകള്‍ വായ്പാ തുക തിരിച്ചു കിട്ടുന്നതിനായി യുകെ കോടതിയില്‍ നല്‍കിയ കേസില്‍ ദുരവസ്ഥ വിവരിച്ച് റിലയന്‍സ് ധീരുഭായ് അംബാനി ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി. ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നത്, മകനോടു പോലും കടം വാങ്ങേണ്ട സ്ഥിതിയാണെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായ അദ്ദേഹം വ്യക്തമാക്കി.

കോടതി ചെലവിനു പണം കണ്ടെത്താന്‍ ഭാര്യയുടെ ആഭരണങ്ങള്‍ വില്‍ക്കേണ്ടിവന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ എല്ലാ ആഭരണങ്ങളും വിറ്റ ശേഷം തനിക്ക് 9.9 കോടി രൂപ ലഭിച്ചുവെന്നും അര്‍ത്ഥവത്തായ ഒന്നും താന്‍ സ്വന്തമാക്കിയിട്ടില്ലെന്നും അനില്‍ അംബാനി പറഞ്ഞു.

തന്റെ ജീവിത ശൈലിയെക്കുറിച്ച് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. ‘ഞാന്‍ ഒരു ആഡംബര മോഹിയല്ല, ലളിതമായ ജീവിതമാണ് നയിക്കുന്നത്. റോയ്‌സ് കാര്‍ സ്വന്തമാക്കിയിട്ടില്ല. ഇപ്പോള്‍ ഒരു കാര്‍ മാത്രമാണ് ഉപയോഗിക്കുന്നത്’ അനില്‍ അംബാനി വ്യക്തമാക്കി. മൊഴിയെടുപ്പ് രഹസ്യമാക്കണമെന്ന അംബാനിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു.

ഇന്‍ട്രസ്ട്രിയല്‍ കൊമേഷ്യല്‍ ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്പ്‌മെന്റ് ബാങ്ക്, ഇക്‌സിം ബാങ്ക് ഓഫ് ചൈന എന്നിവരാണ് ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് ലണ്ടന്‍ കോടതിയില്‍ അനില്‍ അംബാനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. അംബാനി നല്‍കിയ പേഴ്‌സണല്‍ ഗ്യാരണ്ടി ലോണിന്റെ കാര്യത്തില്‍ ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം.

Top