പാലാരിവട്ടം പാലം; ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് അനുമതി നല്‍കിയത്. ഗവര്‍ണറുടെ അനുമതി കിട്ടാത്തതിനെത്തുടര്‍ന്ന് മാസങ്ങളായി ഇബ്രാഹിം കുഞ്ഞിനെതിരെ നടപടി സ്വീകരിച്ചിരുന്നില്ല.

മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി തേടിയിരുന്നു എന്നാല്‍ ഇബ്രാഹിം കുഞ്ഞിനെതിരെ കണ്ടെത്തിയ തെളിവുകളെന്തെന്ന ചോദ്യമായിരുന്നു ഗവര്‍ണറുടെ ഓഫീസ് ആരാഞ്ഞത്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് എസ്പി രാജ്ഭവന് കൈമാറി. ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകളും മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി.ഒ സൂരജ്, കരാറുകാരന്‍ അടക്കമുള്ളവര്‍ നല്‍കിയ മൊഴികളുമാണ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ എജിയോട് നിയമോപദേശവും തേടിയിരുന്നു.

ഇതിനെല്ലാം ശേഷമാണ്, ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ സര്‍ക്കാരിന് അഴിമതി നല്‍കുന്നത്. നേരത്തേയും പാലാരിവട്ടം പാലം കേസ് കോടതി പരിഗണിച്ചപ്പോള്‍ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ അനുമതിക്ക് കാത്തിരിക്കുകയാണെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

പാലം അഴിമതിക്ക് പുറമെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവും ഇബ്രാഹിം കുഞ്ഞിനെതിരെ നിലനില്‍ക്കുന്നുണ്ട്. നോട്ട് നിരോധിച്ച കാലത്ത് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപ വെളുപ്പിച്ചെടുത്തു എന്ന ഹര്‍ജി ഹൈക്കോടതിയിലുണ്ട്. പാലാരിവട്ടം പാലം നിര്‍മാണക്കരാര്‍ വഴി നടത്തിയ അഴിമതിയിലൂടെ കിട്ടിയ പണമാണ് ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചെടുത്തതെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുണ്ട്.

Top