കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനം വേഗത്തില്‍ നടപ്പാക്കാന്‍ നിര്‍ദേശം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനം വേഗത്തില്‍ നടപ്പാക്കാന്‍ നിര്‍ദേശം. വ്യോമയാന മന്ത്രാലയത്തിനു പാര്‍ലമെന്ററി സമിതിയുടെയാണ് നിര്‍ദേശം. വിമാന ദുരന്തത്തിനു കാരണം പൈലറ്റിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന തരത്തില്‍ ഇപ്പോള്‍ നടക്കുന്ന വിലയിരുത്തല്‍ ശരിയല്ലെന്ന് ഡിജിസിഎ പാര്‍ലമെന്ററി സമിതിയെ അറിയിച്ചു.

അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം 1000 മീറ്റര്‍ റണ്‍വേ പിന്നിട്ടാണ് ഇറങ്ങിയതെന്നു ഡിജിസിഎ വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ അനുവദിച്ചിട്ടുള്ള അഞ്ചുമാസം നീണ്ട കാലയളവാണെന്നും അതിലും നേരത്തെ റിപ്പോര്‍ട്ട് നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടു. ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് അതിവേഗം പരിഹരിക്കണം.

ദുരന്തത്തിന് ഇരകളായവര്‍ക്ക് നഷ്ടപരിഹാരത്തുക രാജ്യാന്തര മാനദണ്ഡങ്ങള്‍ അനുസരിച്ച് ഉയര്‍ത്തണം. പരുക്കേറ്റവരുടെ ചികില്‍സാച്ചെലവ് പൂര്‍ണമായും വ്യോമയാന മന്ത്രാലയം വഹിക്കണം. ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളുടെ സുരക്ഷയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും ഗതാഗത വിനോദസഞ്ചാര പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചു.

Top