വിവാഹങ്ങള്‍ നടത്തുന്നവര്‍ ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് നിര്‍ദേശം

ബംഗളൂരു: കര്‍ണാടകത്തില്‍ വിവാഹങ്ങള്‍ നടത്തുന്നതിന് ആളുകള്‍ ഫോണില്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. അമ്പതില്‍ അധികം ആളുകള്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

ലോക്ക്ഡൗണിനിടെ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്റെ വിവാഹച്ചടങ്ങില്‍ അമ്പതിലധികം പേര്‍ പങ്കെടുത്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

വിവാഹവേദിയിലേക്ക് എത്തിയവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഇതില്‍ പഴുത് കണ്ടെത്തുന്നത് ശരിയല്ലെന്ന് കോടതി വിമര്‍ശിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ രാമനഗര ജില്ലാ കളക്ടര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും കോടതി ചോദിച്ചിരുന്നു.

ലോക്ക്ഡൗണിനിടെ ഏപ്രില്‍ പതിനേഴിനാണ് കുമാരസ്വാമിയുടെ മകന്‍ നിഖിലും രേവതിയും വിവാഹിതരായത്. രാമനഗരയിലെ ഫാംഹൗസിലായിരുന്നു ചടങ്ങുകള്‍. സാമൂഹിക അകലം പാലിക്കാതെയും മുഖാവരണമില്ലാതെയും ചടങ്ങ് നടത്തിയതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Top