സ്വത്ത് സമ്പാദന കേസ്: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ ജാമ്യം സ്ഥിരപ്പെടുത്തി

ദില്ലി: കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ.ശിവകുമാറിന്റെ ജാമ്യം സ്ഥിരപ്പെടുത്തി. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ ദില്ലി റോസ് അവന്യൂ കോടതിയാണ് ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തിയത്. രാജ്യം വിട്ടുപോകരുതെന്ന് വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇഡി മുൻപ് ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ശിവകുമാർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ജാമ്യം സ്ഥിരപ്പെടുത്തിയത്. ഇപ്പോൾ ഭരണത്തിലില്ലാത്തതിനാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം നിലനിൽക്കില്ലെന്നും ശിവകുമാർ വാദിച്ചു. അതേസമയം പ്രതികൾ ശക്തരായാതിനാൽ ജാമ്യം സ്ഥിരപ്പെടുത്തരുതെന്നായിരുന്നു ഇഡി വാദം.

ശിവകുമാറിന് പുറമേ, വ്യവസായി സച്ചിൻ നാരായണൻ, ശർമ ട്രാവൽസ് ഉടമ സുനിൽകുമാർ ശർമ, കർണാടക ഭവനിലെ ഉദ്യോഗസ്ഥൻ അഞ്ജനേയ, രാജേന്ദ്ര എന്നിവരാണ് കേസിലെ പ്രതികൾ. ഇവരുടെ ഇടക്കാല ജാമ്യവും കോടതി സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 30ന് വാദം പൂർത്തിയായ കേസിൽ, വിധി പ്രസ്താവിക്കും മുന്നേ എല്ലാ പ്രതികളോടും ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ശിവകുമാറും മറ്റ് പ്രതികളായ സുനിൽ കുമാർ ശർമയും അഞ്ജനേയ, രാജേന്ദ്ര എന്നിവരും ദില്ലി റോസ് അവന്യൂ കോടതിയിൽ ഹാജരായിരുന്നു.

ദില്ലിയിലെ സഫ്‍ദർദംഗിലെ ഫ്ലാറ്റിൽ നിന്ന് 8.59 കോടി രൂപ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇഡി ഡി.കെ.ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 23ന് കേസിൽ ദില്ലി ഹൈക്കോടതി ശിവകുമാറിന് ഇടക്കാല ജാമ്യം നൽകി. കേസിലെ മറ്റ് മൂന്ന് പ്രതികളുടെ സഹായത്തോടെ ശിവകുമാറും ശർമയും ഹവാല മാർഗങ്ങളിലൂടെ പണം കടത്തിയെന്നാണ് ഇഡി രജിസ്റ്റർ ചെയ്ത കേസ്.

Top