ഉമ്മൻചാണ്ടിക്ക് കുടുംബം വിദേശ ചികിത്സ നിഷേധിച്ചെന്ന പ്രചാരണം; പ്രതികരിച്ച് മകൻ ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: വിദ​ഗ്ധചികിത്സക്കായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാൻ ആലോചിക്കുന്നുണ്ടെന്നും എന്നാൽ കുടുംബം തടസ്സം നിൽക്കുകയാണെന്ന തരത്തിലുള്ള പ്രചരണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മകൻ ചാണ്ടി ഉമ്മൻ. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.

‘ഉമ്മൻ ചാണ്ടിയുടെ ആരോ​ഗ്യനിലയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത് വ്യാജ പ്രചാരണമാണ്. ഞങ്ങൾക്ക് ഇതുപോലെ വിഷമമുണ്ടായ ഒരു സന്ദർഭമില്ല. ചികിത്സ നിഷേധം നടത്തിയിട്ട് ഞങ്ങൾക്ക് എന്താണ് നേടാനുളളത്? ഏറ്റവും മികച്ച ചികിത്സ ഞങ്ങളുടെ പിതാവിന് കൊടുക്കണമെന്ന ആ​ഗ്രഹമേയുള്ളൂ. വ്യാജപ്രചരണം നടത്തുന്നത് മൂലം ഞങ്ങൾ വളരെയധികം ബുദ്ധിമുട്ടിലാണ്’ ചാണ്ടി ഉമ്മൻ പറഞ്ഞു.

വ്യാജപ്രചരണങ്ങളിൽ കുടുംബത്തിന് വളരെയധികം ദുഖമുണ്ടെന്നും ചാണ്ടി ഉമ്മൻ വെളിപ്പെടുത്തി. അത്തരം വ്യാജപ്രചരണങ്ങൾ നടത്തുന്നവർ അതിൽ നിന്ന് പിൻമാറണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

Top