‘മുസ്ലീമെന്നാല്‍ തീവ്രവാദിയെന്ന പ്രചരണം സംഘ്പരിവാറിന്റേത്’; വിഷം തുപ്പിയിട്ട് സോറി പരിഹാരമല്ലെന്ന് മന്ത്രി റിയാസ്

തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹിമാനെതിരെ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വര്‍ഗീയ പരാമര്‍ശം ബോധപൂര്‍വ്വമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പറയേണ്ടത് മുഴുവന്‍ പറഞ്ഞു. പിന്നെ മാപ്പ് പറഞ്ഞതുകൊണ്ട് എന്ത് കാര്യമെന്നും മുഹമ്മദ് റിയാസ് ചോദിച്ചു. ബോധപൂര്‍വ്വം ജനങ്ങളില്‍ മതസ്പര്‍ദ്ധ വളര്‍ത്തുകയാണ് ലക്ഷ്യം. സംഘ പരിവാറിന്റെ താല്‍പര്യത്തിന് അനുസരിച്ചാണ് ഇവര്‍ നിലപാട് സ്വീകരിക്കുന്നതെന്നും വിഷയത്തില്‍ യുഡിഎഫ് നേതൃത്വത്തിലെ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്:

”കൊറോണ ബാധിച്ച ഒരാള്‍ പ്രോട്ടോക്കോള്‍ പ്രകാരം സമൂഹത്തില്‍ ഇറങ്ങാന്‍ പാടില്ല. സമൂഹത്തിലിറങ്ങി അത് മറ്റുള്ളവര്‍ക്ക് കൂടി പടര്‍ത്തിയ ശേഷം സോറി പറഞ്ഞത് കൊണ്ട് കാര്യമുണ്ടോ. ഇത് വളരെ ബോധപൂര്‍വ്വം പറഞ്ഞതാണ്. മുസ്ലീമെന്നാല്‍ തീവ്രവാദികളെന്ന പ്രചരണം രാജ്യത്ത് നടത്തുന്നത് സംഘപരിവാറാണ്. സംഘപരിവാറിന്റെ താല്‍പര്യം അനുസരിച്ച് നിലപാട് സ്വീകരിക്കുന്ന ആളുകള്‍ക്കൊപ്പം നിന്നുകൊണ്ടാണ് ഈ പരാമര്‍ശം നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. മുസ്ലീം സമം തീവ്രവാദം എന്ന സംഘപരിവാര്‍ ആശയപ്രചരണം ഏറ്റു പിടിക്കാന്‍ വേണ്ടിയാണ് ഈ വിഷം തുപ്പിയിട്ടുള്ളത്. അതൊരു സോറി പറഞ്ഞത് കൊണ്ട് പരിഹരിക്കപ്പെടുന്ന പ്രശ്‌നമല്ല.”

”അബ്ദുറഹ്മാന്‍ എന്ന പേരിന് എന്താണ് കുഴപ്പം. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മുതല്‍ നിരവധി പേര്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. നിരവധി അബ്ദുറഹ്മാന്‍മാര്‍ ഉള്‍പ്പെടെ ജീവന്‍ കൊടുത്തിട്ടാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. വിഷയത്തില്‍ യുഡിഎഫ് നേതൃത്വം ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. അത് എന്തുകൊണ്ടെന്ന് സമൂഹം തന്നെ ചര്‍ച്ച ചെയ്യണം.”-മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം, വര്‍ഗീയ പരാമര്‍ശം നടത്തിയ ഡിക്രൂസിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് എഫ്‌ഐആറിലുള്ളത്. വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഫാ. തിയോഡേഷ്യസിന്റെ പ്രസ്താവനകളെന്ന് എഫ്‌ഐആറില്‍ പറയുന്നു. വിവാദ പ്രസ്താവനയില്‍ ബുധനാഴ്ചയാണ് തിയോഡേഷ്യസിനെതിരെ വിഴിഞ്ഞം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വര്‍ഗീയ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിനും സാമുദായിക അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിനുമാണ് കേസ്.

Top