വര്‍ഗീയ വിദ്വേഷ പ്രചാരണം; ട്വിറ്റര്‍ ഇന്ത്യയ്‌ക്കെതിരെ കേസ്

ന്യൂഡല്‍ഹി: ട്വിറ്റര്‍ ഇന്ത്യക്കെതിരെ വീണ്ടും കേസ്. വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന് ഡല്‍ഹി പൊലീസ് സൈബര്‍ സെല്ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അഡ്വ. ആദിത്യ സിങ് ദേശ്‌വാളിന്റെ പരാതിയില്‍ ട്വിറ്റര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മനീഷ് മഹേശ്വരിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

മനീഷ് മഹേശ്വരിയെ കൂടാതെ ട്വിറ്റര്‍ ഇന്ത്യയുടെ പബ്ലിക് പോളിസി മാനേജര്‍ ഷാഗുഫ്ത കമ്രാന്‍, റിപബ്ലിക് എത്തീസ്റ്റ് എന്ന സംഘടനയുടെ സ്ഥാപകന്‍ അര്‍മിന്‍ നവാബി, സി.ഇ.ഒ സൂസന്ന മക്കിന്‍ട്രി എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

എത്തീസ്റ്റ് റിപബ്ലിക് എന്ന ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ട ഹിന്ദുദൈവം മഹാകാളിയുടെ ചിത്രം മതവികാരം വൃണപ്പെടുത്തുന്നതും സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുന്നതുമാണെന്നാണ് ആരോപണം. ട്വിറ്റര്‍ ഉപഭോക്താക്കള്‍ പോസ്റ്റ് ചെയ്ത ഉള്ളടക്കത്തില്‍ ദുരുപയോഗം മാത്രമല്ല, ശല്യം, അസൗകര്യം, അപകടം, തടസം, അപമാനം, പരിക്ക്, ക്രിമിനല്‍ ഭീഷണി, ശത്രുത, വിദ്വേഷം തുടങ്ങിയവ സൃഷ്ടിക്കുന്നതായും പരാതിയില്‍ പറയുന്നു.

ഹിന്ദു മതവിശ്വാസത്തെ അപമാനിക്കുന്നതിനായി മനപൂര്‍വം ചിത്രം പോസ്റ്റ് ചെയ്ത് പ്രകോപിപ്പിക്കുകയായിരുന്നു. 2011 മുതല്‍ സമാനമായ രീതിയില്‍ ഹിന്ദു ദൈവങ്ങളെയും മറ്റു മതങ്ങളെയും ഈ പേജിലൂടെ അപമാനിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

 

Top