അമ്പലങ്ങളിലെ വരുമാനം സർക്കാർ ചെലവഴിക്കുകയാണെന്ന പ്രചാരണം തെറ്റ്: മുഖ്യമന്ത്രി

തൃശൂർ: അമ്പലങ്ങളിലെ വരുമാനമെടുത്ത്‌ സർക്കാർ ചെലവഴിക്കുകയാണെന്ന ചിലരുടെ പ്രചാരണം ബോധപൂർവവും വസ്‌തുതാ വിരുദ്ധവുമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ 1720 കോടിയാണ്‌ ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി സംസ്ഥാന ഖജനാവിൽ നിന്നും ചെലവഴിച്ചത്‌. ഈ സർക്കാരിന്‌ ദേവസ്വം ബോര്‍ഡുകളോടുള്ള കരുതല്‍ അത്രത്തോളം വലുതാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ത്രിസപ്‌തതി ആഘോഷങ്ങൾ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകൃതിദുരന്തങ്ങളുണ്ടായപ്പോഴും കോവിഡ്‌ കാലത്ത്‌ വരുമാനം കുറഞ്ഞപ്പോഴും ദേവസ്വങ്ങൾക്ക്‌ താങ്ങായി 273 കോടി രൂപ സർക്കാർ നൽകി. ക്ഷേത്രങ്ങളെ ആരാധാനാലയങ്ങൾ മാത്രമായി കാണുന്ന നയമല്ല സർക്കാരിനുള്ളത്‌. മറിച്ച്‌ അവയെ സാംസ്‌കാരിക കൈമാറ്റത്തിനുള്ള ഇടങ്ങളായി കൂടിയാണ്‌ കാണുന്നത്‌. 406 ക്ഷേത്രങ്ങളും രണ്ട്‌ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും കൊച്ചിൻ ദേവസ്വംബോർഡിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കേരളത്തെ വൈജ്ഞാനിക സമ്പദ്ഘടനയായി മാറ്റിത്തീര്‍ക്കാന്‍ വലിയ ഇടപെടലുകള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടമാണിത്.

ഉന്നതവിദ്യാഭ്യാസ മേഖലയും സ്ഥാപനങ്ങളും നവീകരിക്കുകയാണ്. കേരളത്തിലെ ശ്രദ്ധേയമായ രണ്ട് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കൊച്ചിൻ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ നാടിന്റെ വൈജ്ഞാനിക മുന്നേറ്റത്തില്‍ ഈ ബോര്‍ഡിന്റെ വലിയ പിന്തുണയുണ്ടാകണം. 73 -ാം വാർഷിക കാരുണ്യപ്രവർത്തനങ്ങൾക്കുൾപ്പടെ നേതൃത്വം നൽകുന്നത്‌ സന്തോഷകരമാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ വി നന്ദകുമാർ അധ്യക്ഷനായി.

Top