പൗരത്വ ഭേദഗതി ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ച നടപടി സ്റ്റേ ചെയ്യണം; അപേക്ഷകള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

പൗരത്വ ഭേദഗതി ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ച നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷകള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹര്‍ജികള്‍ സമര്‍പ്പിച്ച കക്ഷികളുടെ അടക്കം അപേക്ഷകളാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ഡി വൈ എഫ് ഐ, മുസ്ലിം ലീഗ് തുടങ്ങിയവര്‍ നല്‍കിയ അപേക്ഷകളും ഇന്ന് പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

2019ല്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജി നിലനില്‍ക്കുമ്പോള്‍ ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണ് എന്ന വാദമാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നത്. ചട്ടങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ല എന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതി അറിയിക്കും. നിയമനിര്‍മാണത്തിനുള്ള പാര്‍ലമെന്റിന്റെ അവകാശം അനുസരിച്ചാണ് നിയമം യാഥാര്‍ത്ഥ്യമാക്കിയത്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്മേല്‍ ചട്ടങ്ങള്‍ ചമയ്ക്കുക എന്ന നടപടിയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇത് നിയമവിരുദ്ധമല്ലെന്നും ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതല്ല ഈ നിയമം എന്നും സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കും.

പൗരത്വ ഭേദഗതി നിയമം ഒരു കാരണവശാലും പിന്‍വലിക്കില്ലെന്ന് അമിത് ഷാ പറഞ്ഞത്. രാജ്യത്ത് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുക എന്നത് തങ്ങളുടെ പരമാധികാര അവകാശമാണ്. അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. സിഎഎ മുസ്ലീങ്ങള്‍ക്ക് എതിരല്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷം രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. ”ഞാന്‍ മുമ്പ് വിവിധ പ്ലാറ്റ്ഫോമുകളില്‍ 41 തവണയെങ്കിലും സിഎഎയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് അപ്പോഴെല്ലാം ഞാന്‍ വിശദമായി പറഞ്ഞിരുന്നു”- ഷാ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2014ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനമതക്കാര്‍, ബുദ്ധമതക്കാര്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരുള്‍പ്പെടെ പീഡിപ്പിക്കപ്പെടുന്ന അമുസ്ലിം കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനാണ് സിഎഎ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Top