‘കേരള സ്റ്റോറിയുടെ’ പ്രചരണം വി.എസിന്റെ ‘ചിലവിൽ’ നടത്തേണ്ട, അദ്ദേഹം പറഞ്ഞത് ‘അതിനും’ മീതെയാണ്

ലൗ ജിഹാദ് വിവാദത്തിൽ വി.എസ് അച്ചുതാനന്ദന്റെ പഴയ ഒരു പ്രതികരണത്തെ ആയുധമാക്കി മുതലെടുപ്പിന് ഇറങ്ങുന്ന ബി.ജെ.പിയും മുസ്ലീം ലീഗും വി.എസ് മുൻപ് നടത്തിയ ഈ പ്രതികരണവും ഒന്നു കേൾക്കുന്നത് നല്ലതാണ്. ഗോ സംരക്ഷക വേഷം കെട്ടിയ സംഘപരിവാറുകാരെയാണ് ഒറ്റ പ്രയോഗം കൊണ്ട് വി.എസ് മലർത്തിയടിച്ചിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല രാജ്യവ്യാപകമായി തന്നെ സൂപ്പർ ഹിറ്റായി ഓടിയ പ്രതികരണമാണിത്. ഗോ സംരക്ഷകരുടെ വേഷമണിഞ്ഞവർ നാടുനീളെ ഒരു വിഭാഗത്തെ തിരഞ്ഞുപിടിച്ച് തല്ലിക്കൊല്ലുമ്പോഴാണ് വി.എസ് ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നിരുന്നത്. 10 വർഷത്തിനിടെ 82 സംഭവങ്ങളിലായി 43 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 145 പേർക്ക്‌ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട്‌ സംഭവമൊഴികെ ബാക്കിയെല്ലാം കേന്ദ്രത്തിൽ മോദി അധികാരത്തിലെത്തിയ ശേഷമാണ്‌ നടന്നത്.

ബിജെപിയും കോൺഗ്രസും ഭരിക്കുന്ന യുപി, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് നിഷ്ഠൂരമായ കൊലപാതകം കൂടുതലും നടന്നിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പോർമുഖമാണ് വി.എസ് തുറന്നിരുന്നത്. ലൗ ജിഹാദ് വിവാദം കത്തി നിന്ന കാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസ് നടത്തിയ ഒരു പ്രതികരണം ഉപയോഗിച്ച് മുതലെടുപ്പിന് മുസ്ലീംലീഗും സംഘപരിവാർ സംഘടനകളും ശ്രമിക്കുന്ന സാഹചര്യത്തിലാണ് വി എസിന്റെ മറ്റൊരു പഴയ പ്രതികരണവും ഇവിടെ ഓർമ്മിപ്പിക്കേണ്ടി വന്നിരിക്കുന്നത്. ലൗജിഹാദ് വിഷയത്തിൽ വി.എസ് ഏത് സാഹചര്യത്തിൽ അത്തരമൊരു പ്രതികരണം നടത്തി എന്നതു പോലും പരിശോധിക്കാതെ അത് ചർച്ചയാക്കാൻ മത്സരിക്കുന്നത് ,ഇടതുപക്ഷത്തെ പ്രതിരോധത്തിൽ ആക്കുന്നതിനു വേണ്ടി മാത്രമാണ്. അതുകൊണ്ടൊന്നും പരിവാർ കേന്ദ്രങ്ങളിൽ അണിഞ്ഞൊരുങ്ങുന്ന കേരള സ്റ്റോറിക്ക് ന്യായീകരണമാവുകയില്ല. പരിവാർ സംഘടനകൾ ഈ സിനിമയുടെ പ്രമോഷനു വേണ്ടിയാണ് വി.എസിന്റെ വാക്കുകളെ വളച്ചൊടിച്ച് ചിത്രീകരിക്കുന്നത്. മുസ്ലിംലീഗിന്റെ പ്രശ്നം മറ്റൊന്നാണ്.

വി.എസ് പറഞ്ഞതു കൊണ്ടാണ് പരിവാറുകാർ സമുദായത്തിനെതിരെ സിനിമയുണ്ടാക്കിയതെന്ന തരത്തിലാണ് ലീഗ് പ്രതികരിച്ചിരിക്കുന്നത്. ഭാഗ്യത്തിന് “കശ്മീർ ഫയൽസ് “എന്ന സിനിമയുടെ തിരക്കഥ വി.എസിന്റേതാണ് എന്നു മാത്രം ലീഗുകാർ പറഞ്ഞിട്ടില്ല. 20 കൊല്ലം കഴിയുമ്പോള്‍ കേരളത്തിൽ മുസ്ലീംഭൂരിപക്ഷമാകുമെന്നും ചെറുപ്പക്കാരായ ആളുകളെയെല്ലാം സ്വാധീനിച്ചും പണം കൊടുത്തും അവരെ മുസ്ലീമാക്കുക മുസ്ലീം യുവതികളെ കല്യാണം കഴിക്കുക മുസ്ലീം ജനിക്കുക ആ തരത്തിൽ മുസ്ലീം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക എന്നതാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയെന്നുമുള്ള തരത്തിൽ വിഎസ് പ്രകടിപ്പിച്ച ആശങ്കകളാണ് ഇടതുപക്ഷത്തിന്റെ നിലപാടായി സംഘപരിവാർ – ലീഗ് കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. വി.എസ് പറഞ്ഞതിന്റെ സ്പിരിറ്റ് എന്താണെന്നും ആരെയാണ് അദ്ദേഹം ലക്ഷ്യമിട്ടതെന്നതും മനസ്സിലാക്കാതെയുള്ള പ്രചാരവേലയാണിത്.

vs-achuthanandan

മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഡല്‍ഹിയില്‍ വച്ചുനടന്ന മീറ്റിങ്ങിനിടെയിലാണ് ലൗജിഹാദിനെക്കുറിച്ച് വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചിരുന്നത്. കൃത്യമായി പറഞ്ഞാല്‍ 2010 ഒക്ടോബര്‍ 24-ാം തീയതി ആയിരുന്നു ആ പ്രതികരണം നടന്നിരുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉൾപ്പെടെ മനസ്സിലാക്കിയാകണം അത്തരമൊരു പ്രതികരണം അദ്ദേഹം നടത്തിയതെന്നതും വിമർശകർ തിരിച്ചറിയേണ്ടതുണ്ട്. വി.എസ്. പറഞ്ഞത് മുസ്ലീം സമുദായത്തെ ഒന്നടങ്കം പ്രതിരോധത്തിൽ നിർത്തിയിട്ടല്ല. തീവ്രവാദികളുടെയും തീവ്ര ചിന്താഗതിക്കാരുടെയും മനസ്സിലിരുപ്പാണ്. ലൗ ജിഹാദ് വിവാദം കൊടുമ്പിരികൊണ്ടിരിക്കുന്ന ആ കാലത്ത് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്. തീവ്രവാദികളുടെ ഈ നിലപാടിനെതിരെയാണ് കേരളത്തിലെ മുസ്ലീം സമുദായത്തിന്റെ പൊതുവികാരമെന്നു പറഞ്ഞതും ഇതേ വി.എസ് തന്നെയാണ്.

ഐ.എസിൽ ചേർന്ന മലയാളികളുടെയും കശ്മീരിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ച മലയാളികളായ തീവ്രവാദികളുടെയും ലക്ഷ്യങ്ങളും അവർ പ്രചരിപ്പിക്കാൻ ശ്രമിച്ച കാര്യങ്ങളും വെട്ടിതുറന്ന് വി.എസ് പറഞ്ഞതിൽ ഒരു ഹിഡൻ അജണ്ടയും നാം കാണേണ്ടതില്ല. അന്ന് വി.എസ് അത് പറഞ്ഞില്ലായിരുന്നു എങ്കിൽ അത് പരിവാർ സംഘടനകൾക്ക് രാഷ്ട്രീയമായി വലിയ മുതലെടുപ്പിനുള്ള അവസരമാണ് ഉണ്ടാക്കുമായിരുന്നത്. കേരളത്തിലെ ഹൈന്ദവ വോട്ട് ബാങ്കിൽ ബഹുദൂരിപക്ഷവും ഇന്നും ഇടതുപക്ഷത്ത് തുടരുന്നതു കൊണ്ടാണ് ബി.ജെ.പിക്ക് ഇവിടെ വളർച്ച സാധ്യമാകാത്തത്.

ആർ.എസ്.എസിന് രാജ്യത്ത് ഏറ്റവും അധികം ശാഖകൾ ഉള്ള സംസ്ഥാനമായിട്ടും നിയമസഭയിലോ ലോകസഭയിലോ ഒരു സീറ്റു നേടാൻ പോലും അവർക്ക് സാധിച്ചിട്ടില്ല. അക്കാര്യത്തിൽ ഇടതു പാർട്ടികളെ പ്രത്യേകിച്ച് സി.പി.എമ്മിനെയും അതിന്റെ നേതാക്കളെയുമാണ് അഭിനന്ദിക്കേണ്ടത്. അതല്ലാതെ ലീഗിന്റെയും കോൺഗ്രസ്സിന്റെയും കഴിവു കൊണ്ടല്ല. യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്കായ ക്രൈസ്തവ മേഖലയിൽ കടന്നു കയറാൻ ശ്രമിക്കുന്ന ബി.ജെ.പിയെ തടയാൻ ശ്രമിക്കുന്നതും ഇടതുപക്ഷം തന്നെയാണ്.

ബി.ജെ.പിയോട് മൃദു സമീപനം ചില ക്രൈസ്തവ മത പുരോഹിതരും ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട രാഷ്ട്രീയ നേതാക്കളും സ്വീകരിച്ച് തുടങ്ങിയിട്ടും ബി.ജെ.പി പ്രതിനിധികരിക്കുന്ന ഹൈന്ദവ വിഭാഗത്തിൽ നിന്നും ഇപ്പോഴും കാര്യമായ ഒരു പിന്തുണ അവർക്ക് ലഭിച്ചിട്ടില്ല. കമ്യൂണിസ്റ്റുകൾക്ക് ഹൈന്ദവ വിഭാഗത്തിലുള്ള കരുത്തു കൊണ്ടാണ് അത് സാധ്യമാകാത്തത്. മുസ്ലീം പ്രീണനം എന്ന വാദമുയർത്തി ഒരുപാട് കാലമായി സി.പി.എമ്മിനും അതിന്റെ വർഗ്ഗ ബഹുജന സംഘടനകൾക്കും എതിരെ പസംഘരിവാർ സംഘടനകൾ ശക്തമായ പ്രചരണമാണ് അഴിച്ചു വിടുന്നത്. എന്നിട്ടു പോലും ഉലയാതെ ഉറച്ചു തന്നെ ആ വോട്ട് ബാങ്ക് നിൽക്കുന്നുണ്ടെങ്കിൽ അതിൽ വി.എസ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റുകൾ വഹിച്ചിരിക്കുന്ന പങ്കും വളരെ വലുതാണ്.

വി.എസ് ഒരു മതത്തിലും വിശ്വസിക്കുന്ന ആളല്ല. ജാതിക്കും മതത്തിനും അപ്പുറം മനുഷ്യന്റെ കഷ്ടപാടുകൾ തിരിച്ചറിയുന്ന അതിനായി നിരന്തരം പോരാടുന്ന പ്രത്യയ ശാസ്ത്രത്തിലാണ് ആ കമ്യൂണിസ്റ്റ് വിശ്വസിക്കുന്നത്. ഭൂരിപക്ഷ വർഗ്ഗീയതയെ പോലെ തന്നെ ന്യൂപക്ഷ വർഗ്ഗീയതയും നാടിന് ആപത്താണെന്നാണ് വി.എസ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റുകളുടെ നിലപാട്. കമ്യൂണിസ്റ്റു പാർട്ടികൾ ഉള്ളടത്തോളം കാലം ആ നിലപാട് തുടരുക തന്നെ ചെയ്യും. ലൗ ജിഹാദ് വിഷയവുമായി ബന്ധപ്പെട്ട് വി.എസ് നടത്തിയ പ്രതികരണത്തെ പ്രചരണമാക്കി മുതലെടുപ്പിന് ശ്രമിക്കുന്നവർ വി.എസ് സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ നിരന്തരം നടത്തിയ മറ്റു പ്രതികരണങ്ങൾ ഒന്നൊന്നായി പുറത്ത് വരുന്നതോടെ സ്വയം അപഹാസ്യരാവുകയാണ് ചെയ്യുക. അതും ഓർക്കുന്നത് നല്ലതാണ്.

EXPRESS KERALA VIEW

Top