പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ പി.വി ഗംഗാധരന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ പി വി ഗംഗാധരന്‍ (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 6.30 നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലായിരുന്നു. മലയാളികള്‍ക്ക് നിരവധി ശ്രദ്ധേയ സിനിമകള്‍ നല്‍കിയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായിരുന്നു അദ്ദേഹം.

1977 ല്‍ സുജാത എന്ന മലയാള സിനിമയാണ് പി.വി ഗംഗാധരന്‍ നിര്‍മിച്ച ആദ്യ ചിത്രം. പിന്നീട്, ഒരു വടക്കന്‍ വീരഗാഥ, അങ്ങാടി,കാറ്റത്തെ കിളിക്കൂട്, തൂവല്‍ കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, അച്ചുവിന്റെ അമ്മ ,വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (1999) കൊച്ചു കൊച്ചു സന്തോഷങ്ങള്‍ (2000) ശാന്തം (2000) അച്ചുവിന്റെ അമ്മ (2005) യെസ് യുവര്‍ ഓണര്‍ (2006) നോട്ട്ബുക്ക് (2006) എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

വ്യവസായിയും കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ പി വി സാമിയുടെയും മാധവിയുടെയും മകനായി 1943 ലാണ് പി വി ഗംഗാധരന്റെ ജനനം. എഐസിസി അംഗമായിരുന്നു. 2011 ല്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. മാതൃഭൂമി മുഴുവന്‍ സമയ ഡയറക്ടര്‍ ആയിരുന്നു. മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍ സഹോദരനാണ്. മക്കളായ ഷെനുഗ ജയ്തിലക്, ഷെഗ്‌ന വിജില്‍, ഷെര്‍ഗ സന്ദീപ് എന്നിവരും ചലച്ചിത്ര നിര്‍മ്മാണ രംഗത്തുണ്ട്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങള്‍ ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ട്.

Top