പ്രമുഖ സിനിമ നിര്‍മ്മാതാവ് അച്ചാണി രവി അന്തരിച്ചു

കൊല്ലം: പ്രമുഖ സിനിമാ നിര്‍മ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന കെ രവീന്ദ്രനാഥന്‍ നായര്‍ (90) അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. ജനറല്‍ പിച്ചേഴ്‌സ് ഉടമയായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെയും അരവിന്ദന്റെയുമടക്കം കലാമൂല്യമുള്ള നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനര്‍ ആണ് രവീന്ദ്രന്‍ നായരുടെ ജനറല്‍ പിക്‌ചേഴ്‌സ്. അച്ചാണി, കാഞ്ചനസീത, കുമ്മാട്ടി, എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയന്‍ തുടങ്ങിയവ പ്രശസ്ത ചിത്രങ്ങളാണ്. നവതിക്ക് പിന്നാലെയാണ് മരണം. ജൂലൈ 6 ന് ആയിരുന്നു നവതി.

1967-ലാണ് ജനറല്‍ പിക്‌ചേഴ്‌സ് എന്ന സിനിമാ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നത്. സത്യനെ നായകനാക്കി അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിലൂടെ നിര്‍മ്മാണ രംഗത്തേക്ക് കടന്നു. പി ഭാസ്‌കരന്‍, എ വിന്‍സെന്റ് , എം ടി വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ ചിത്രങ്ങളുടെ നിര്‍മ്മാതാവായി. 1973-ല്‍ പുറത്തിറങ്ങിയ അച്ചാണി എന്ന സിനിമ ഹിറ്റായതോടെ അച്ചാണി രവി എന്നറിയപ്പെട്ടു തുടങ്ങി. ആകെ നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളാണ് ലഭിച്ചത്.

ആകെ നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളാണ് ലഭിച്ചത്. എസ്തപ്പാന്‍ എന്ന സിനിമയില്‍ മുഖംകാണിച്ചിട്ടുമുണ്ട്. ഭാര്യ ഉഷ ‘തമ്പ്’ എന്ന സിനിമയില്‍ പിന്നണി പാടിയിട്ടുണ്ട്. സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരം നേടിയ രവീന്ദ്രനാഥന്‍ നായര്‍ ദേശീയ ചലചിത്ര അവാര്‍ഡ് കമ്മിറ്റി അംഗമായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമായും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊല്ലം സ്വദേശി വെണ്ടര്‍ കൃഷ്ണപിളളയുടെയും നാണിയമ്മയുടെയും എട്ട് മക്കളില്‍ അഞ്ചാമനായി 1933 ജൂലൈ മൂന്നിനാണ് രവീന്ദ്രനാഥന്‍ നായരുടെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം കൊല്ലം കന്റോണ്‍മെന്റ് ബേസിക് ട്രെയിനിംഗ് സ്‌ക്കൂളിലും ഗവ. ബോയ്‌സ് ഹൈസ്‌ക്കൂളിലും പൂര്‍ത്തിയാക്കി. 1955 ല്‍ കോമേഴ്‌സ് ഐച്ഛിക വിഷയമായി ബിരുദം നേടിയ ശേഷം കശുവണ്ടി വ്യവസായരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. പിതാവിന്റെ മരണത്തോടെ ബിസിനസ് ഏറ്റെടുത്തു. അദ്ദേഹത്തിന്റെ വിജയലക്ഷ്മി കാഷ്യൂസ് കേരളത്തിലും പുറത്തും 115 ഫാക്ടറികളുളള വലിയ ബിസിനസ് ശൃംഖലയായി.സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് 2008-ല്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി സര്‍ക്കാര്‍ ആദരിച്ചു. ഗായികയായിരുന്ന ഭാര്യ ഉഷ രവി 2013-ല്‍ അന്തരിച്ചു. പ്രതാപ് നായര്‍, പ്രകാശ് നായര്‍, പ്രീത എന്നിവരാണ് മക്കള്‍.

Top