രാജ്യം ആ പദ്ധതി ഏറ്റെടുത്തു, തല ഉയര്‍ത്തി അഭിമനത്തോടെ ഐ.ജി പി.വിജയന്‍ . .

ന്യൂഡല്‍ഹി: അഗ്‌നിപരീക്ഷണങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വിജയന്‍ ഐ.പി.എസിന് ഇത് സ്വപ്ന സാക്ഷാത്കാരം. കാക്കിയിലെ കാര്‍ക്കശ്യത്തിന്റെ ‘ഐഡിയ’ പദ്ധതിയായി നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയ ഇടതു സര്‍ക്കാറിനും രാജ്യത്ത് ഇനി തല ഉയര്‍ത്തി നില്‍ക്കാം. കാരണം കേരളത്തിന്റെ അഭിമാനമായ സ്റ്റുഡന്റ് പൊലീസ് പദ്ധതി രാജ്യമാകെ നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം ശനിയാഴ്ച ഹരിയാനയിലെ ഗുര്‍ഗാവില്‍ നടക്കുകയാണ്.

d7525925-2bf3-4a0e-9404-320bc0473b75

ഈ പദ്ധതിക്ക് രൂപം നല്‍കിയ ഐ.ജി.പി.വിജയനെ സാക്ഷിനിര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. കേരളത്തില്‍ നിന്നും ഐ.ജി വിജയനു പുറമെ എ.ഡി.ജി.പി ടി.കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള 26 അംഗ സംഘവും ചടങ്ങിന് സാക്ഷ്യം വഹിക്കും. ഇതോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംവിധാനം നിലവില്‍ വരും.

2010 ല്‍ ആണ് കേരളത്തില്‍ സ്റ്റുഡന്റ് പൊലീസ് പദ്ധതിക്ക് വലിയ രൂപത്തില്‍ തുടക്കം കുറിച്ചത്. കുട്ടികളില്‍ അച്ചടക്കബോധവും വ്യക്തിത്വ വികാസവും ഉറപ്പു വരുത്തുന്നതിനായിരുന്നു പദ്ധതി. 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ടായിരുന്നു തുടക്കം. ഇപ്പോള്‍ ഇത് അരലക്ഷം പിന്നിട്ടു കഴിഞ്ഞു. ഈ പദ്ധതിയുടെ നോഡല്‍ ഓഫീസറും ദീര്‍ഘകാലം വിജയന്‍ ഐ.പി.എസ് തന്നെ ആയിരുന്നു. ആഭ്യന്തര വിദ്യാഭ്യാസ വകുപ്പുകള്‍ക്കു പുറമെ ഗതാഗത വനം എക്‌സൈസ് തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയും സ്റ്റുഡന്റ് പൊലീസ് പദ്ധതിക്കുണ്ട്.

students cadet

കേരളത്തില്‍ വന്‍ വിജയമായ പദ്ധതിയില്‍ ആകൃഷ്ടരായി ഗുജറാത്ത്, ഹരിയാന, കര്‍ണ്ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് അയച്ച് സ്റ്റുഡന്റ് പൊലീസ് പദ്ധതിയെ കുറിച്ച് പഠിച്ച് ഈ സംസ്ഥാനങ്ങളിലും നടപ്പാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംങ്ങ് കേരളം സന്ദര്‍ശിച്ച വേളയില്‍ പദ്ധതിയില്‍ കൂടുതല്‍ ആകൃഷ്ടനാവുകയും ദേശീയ തലത്തില്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഒരാഴ്ചത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ് ഓരോ വര്‍ഷവും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി നടത്തി വരുന്നുണ്ട്. എല്ലാ ശനിയാഴ്ചകളിലും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ ക്യാംപയിനുകള്‍, നിയമസാക്ഷരതാ ക്ലാസ്സുകള്‍ എന്നിവ ഇതിന്റെ ഭാഗമാണ്. വനം, എക്‌സൈസ്, ആര്‍.ടി.ഒ വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാംപുകള്‍ നടത്താറുണ്ട്. രണ്ടു വര്‍ഷം അഞ്ഞൂറു മണിക്കൂര്‍ സേവനമാണ് ഓരോ കേഡറ്റും നടത്തേണ്ടത്. ജില്ലകളില്‍ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഏകോപന ചുമതല. ആഗസ്റ്റ് രണ്ടാണ് സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് ദിനമായി ആചരിക്കുന്നത്.

students cadet

തുടക്കത്തില്‍ പദ്ധതിയോട് മുഖം തിരിച്ച എയ്ഡഡ് സ്‌കൂളുകള്‍ അടക്കമുള്ളവര്‍ ഇപ്പോഴും സ്റ്റുഡന്റ് പൊലീസ് പദ്ധതി ലഭിക്കുന്നതിനായി നീണ്ട ക്യൂവിലാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മാത്രമാണ് നിലവില്‍ കേരള സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത് എന്നതിനാല്‍ ഈ സ്ഥാപനങ്ങളിപ്പോള്‍ വെട്ടിലായിരിക്കുകയാണ്. രാജ്യത്തെ മികച്ച പൊലീസ് സേനകളില്‍ മുന്‍ നിരയില്‍ തന്നെയാണ് കേരള പൊലീസിന്റെ സ്ഥാനമെങ്കിലും കേരളത്തില്‍ നിന്നും ഒരു മാതൃക കേന്ദ്രം ദേശീയ തലത്തില്‍ നടപ്പാക്കുന്നത് അപൂര്‍വ്വമാണ്.

ഭാവി തലമുറക്ക് സ്‌കൂള്‍ പഠനകാലത്തു തന്നെ പുതിയ ദിശാബോധം പകര്‍ന്നു നല്‍കാന്‍ കഴിയുന്ന പദ്ധതിയെ രക്ഷിതാക്കളും കേരളീയസമൂഹവും കൈയ്യടിച്ചാണ് പ്രോത്സാഹിപ്പിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം തന്നെയാണ് പദവി ഏറ്റെടുക്കാന്‍ കേന്ദ്രത്തെ ഇപ്പോള്‍ പ്രേരിപ്പിച്ചിരിക്കുന്നത്. സ്വയം രൂപപ്പെടുത്തിയ പദ്ധതി സംസ്ഥാന സര്‍ക്കാറിനു മുന്നില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയപ്പോഴും സംസ്ഥാനത്ത് നടപ്പാക്കി തുടങ്ങിയപ്പോഴും രാജ്യം മുഴുവന്‍ ഈ പദ്ധതി ഏറ്റെടുത്ത് ഇത്ര വലിയ ഹിറ്റ് ആക്കുമെന്ന് ഐ.ജി വിജയന്‍ പോലും ഒരു പക്ഷേ കരുതിയിട്ടുണ്ടാവില്ല.

ശബരിമലയെ മാലിന്യ മുക്തമാക്കുന്ന ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ സൃഷ്ടാവും ഈ ഐ.പി.എസ് ഓഫീസറാണ്. ദേശീയ ചാനലായ സിഎന്‍എന്‍-ഐബിഎന്നിന്റെ ന്യൂസ് മേക്കര്‍ അവാര്‍ഡും രാഷ്ട്രപതിയുടെ പൊലീസ് മെഡലും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം തന്നെ പി വിജയന്‍ കരസ്ഥമാക്കിയിട്ടുണ്ട്. സീനിയര്‍ ഐഎഎസ് ഓഫീസറായ ഡോ. എം ബീനയാണ് ഭാര്യ.

റിപ്പോര്‍ട്ട് : എം വിനോദ്

Top