മകളുടെ വിവാഹമാണ്, ബിജെപി പ്രവര്‍ത്തകര്‍ വരരുത് ! വൈറലായി കര്‍ഷകന്റെ ക്ഷണക്കത്ത്

MARRIAGE

ന്യൂഡല്‍ഹി: വിവാഹത്തിന് ബിജെപി പ്രവര്‍ത്തകര്‍ വരരുതെന്ന് ക്ഷണക്കത്തില്‍ രേഖപ്പെടുത്തി കര്‍ഷകന്‍. ഹരിയാന സ്വദേശിയായ കര്‍ഷക നേതാവാണ് തന്റെ മകളുടെ വിവാഹ ക്ഷണക്കത്തില്‍ ഇത്തരത്തില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

വിശ്വവീര്‍ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്റും, ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാജേഷ് ധങ്കാര്‍ ആണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളോട് വ്യത്യസ്തമായ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഈ വര്‍ഷം ഡിസംബര്‍ ഒന്നാം തിയ്യതി നടക്കുന്ന മകളുടെ വിവാഹ ചടങ്ങില്‍ നിന്ന് ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്നാണ് ക്ഷണക്കത്തില്‍ അച്ചടിച്ചത്. ക്ഷണക്കത്ത് ഇതിനോടകം വൈറലായി.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യ സര്‍ക്കാരിനെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുന്‍പായിരുന്നു വിവാഹ ക്ഷണക്കത്ത് അച്ചടിച്ചത്.

എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലെന്നും നിയമം പിന്‍വലിക്കണമെന്നും രാജേഷ് ധങ്കാര്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രധാന ആവശ്യം അവരുടെ വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പുവരുത്തണം എന്നതാണ്. കടബാധ്യത ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മൂന്ന് ലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നും ധങ്കാര്‍ പറഞ്ഞു.

Top