സംസ്ഥാനത്ത് എല്ലാ മത, സാംസ്‌കാരിക ആഘോഷങ്ങളും മറ്റ് പരിപാടികളും നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ മത, സാംസ്‌കാരിക ആഘോഷങ്ങളും ടൂര്‍ണമെന്റുകളും നിരോധിച്ചുകൊണ്ടു സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. പൊതുഭരണ വകുപ്പാണ് ശനിയാഴ്ച ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. പാര്‍ക്ക്, ബീച്ച്, മാളുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിരോധനം നിലവില്‍ വന്നു. ഇതു ലംഘിക്കുന്നവര്‍ക്കെതിരെ 144ാം വകുപ്പിലെ വ്യവസ്ഥകള്‍ പ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് കേസെടുക്കണം.

കലക്ടര്‍, ജില്ലാ മജിസ്ട്രറ്റ്, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കാണ് നിയമത്തിന്റെ നടത്തിപ്പു ചുമതല. ഓരോ ജില്ലയിലെയും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും മെഡിക്കല്‍ കോളജുകളും ഉള്‍പ്പെടെയുള്ളവ അതത് ഇടങ്ങളിലെ മുറികള്‍, കിടക്കകള്‍, ഹോസ്റ്റല്‍ മുറികള്‍, കൊറോണ പരിശോധന ഉപകരണങ്ങള്‍, ഐസിയുവിലെ കിടക്കകള്‍, വെന്റിലേറ്റര്‍ എന്നിവയുടെ കണക്കുകള്‍ കോവിഡ് കണ്‍ട്രോള്‍ റൂമിനു കൈമാറണം. ആവശ്യ വസ്തുക്കള്‍ പൂഴ്ത്തിവയ്ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Top