വിരമിച്ചവര്‍ക്കും പ്രൊഫസര്‍ പദവി; 7 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍

കോഴിക്കോട്: മന്ത്രി ആര്‍.ബിന്ദുവിന് മുന്‍കാല പ്രാബല്യത്തില്‍ പ്രൊഫസ്സര്‍ പദവി നല്‍കാനായി, സര്‍വീസില്‍ നിന്ന് വിരമിച്ച കോളേജ് അധ്യാപകര്‍ക്കുകൂടി പ്രൊഫസ്സര്‍ പദവി അനുവദിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ നീക്കത്തിനെതിരായ പരാതിയില്‍ ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍, കാലിക്കറ്റ് വിസിയോട് ആവശ്യപ്പെട്ടു. സര്‍വീസില്‍ തുടരുന്നവരെ മാത്രമേ പ്രൊഫസ്സര്‍ പദവിക്ക് പരിഗണിക്കാന്‍ പാടുള്ളുവെന്ന് യുജിസി വ്യവസ്ഥയുണ്ട്.

മന്ത്രിക്ക് പ്രൊഫസര്‍ പദവി മുന്‍കാല പ്രാബല്യത്തില്‍ ലഭിക്കാനാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുജിസി ചട്ടങ്ങള്‍ ലംഘിച്ചതെന്നാണ് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റിയുടെ ആരോപണം.

2018 ലെ യുജിസി റെഗുലേഷന്‍ വകുപ്പ് 6.3 പ്രകാരം സര്‍വ്വീസില്‍ തുടരുന്നവരെ മാത്രമേ പ്രഫസര്‍ പദവിക്ക് പരിഗണിക്കാന്‍ പാടുള്ളൂ. എന്നാല്‍ വിരമിച്ച കോളേജ് അധ്യാപകര്‍ക്കും പ്രഫസര്‍ പദവി അനുവദിക്കാന്‍ യുജിസി ചട്ടങ്ങള്‍ ലംഘിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല തീരുമാനം എടുത്തു. ഇതിനായി യുജിസി ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് വൈസ്ചാന്‍സിലര്‍ ഉത്തരവിറക്കിയിരുന്നു.

മന്ത്രി ബിന്ദു കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപികയായിരുന്നു. തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ സ്വയം വിരമിച്ചു. മന്ത്രി ബിന്ദുവിന് മുന്‍കാല പ്രാബല്യത്തില്‍ പ്രൊഫസര്‍ പദവി അനുവദിക്കാനാണ് സര്‍വ്വകലാശാലയുടെ ഈ തീരുമാനം എന്നാണ് ആരോപണം.

Top