ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ഹലാല്‍ ടാഗ് പതിച്ച ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിച്ച് സര്‍ക്കാര്‍. വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ലഖ്‌നോവില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ പരാതിയില്‍ ഒരു കമ്പനിക്കും മൂന്ന് സംഘടനകള്‍ക്കുമെതിരെ കേസെടുത്തതിന് പിന്നാലെയാണ് ഹലാല്‍ നിരോധനമേര്‍പ്പെടുത്തിയത്. നിരോധനം ഉടനടി പ്രാബല്യത്തിലായതായി ഉത്തരവില്‍ പറയുന്നു.
‘ഹലാല്‍ സര്‍ട്ടിഫൈഡ് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ നിര്‍മാണം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ പൊതുജനാരോഗ്യം മുന്‍നിര്‍ത്തി സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നു’ എന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതുപ്രകാരം ഹലാല്‍ ടാഗോടെ ഇറച്ചി, പാല്‍ ഉല്‍പ്പന്നങ്ങള്‍, പഞ്ചസാര, ബേക്കറി ഉല്‍പ്പന്നങ്ങള്‍ മുതലായവ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യരുത്.
ഭക്ഷ്യവസ്തുക്കള്‍ക്കും, സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് പതിപ്പിക്കുന്നത് മതവികാരത്തിന്റെ മുതലെടുപ്പാണെന്നും പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും കേസെടുത്തതിന് പിന്നാലെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.