കോമ്പസിന് ഭീക്ഷണിയായി ടാറ്റ ഹാരിയര്‍ എസ് യുവി ചിത്രം പുറത്ത്

harrier

പുതിയ ടാറ്റ ഹാരിയര്‍ എസ്‌യുവിയുടെ ചിത്രം ഇന്റെര്‍നെറ്റില്‍ പുറത്തായി. ജീപ് കോമ്പസിനും മഹീന്ദ്ര XUV500 യ്ക്കും ഭയക്കേണ്ട വക ധാരാളം ഹാരിയറിലുണ്ട്. ടാറ്റയുടെ നിര്‍മ്മാണശാലയില്‍ നിന്നും ചോര്‍ന്ന ചിത്രം ഇക്കാര്യം പറഞ്ഞുവെയ്ക്കുന്നു. ക്രാഷ് ടെസ്റ്റിന് തയ്യാറെടുക്കുന്ന ഹാരിയറാണ് ചിത്രത്തില്‍.

മുഴച്ചുനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകളില്‍ ലാന്‍ഡ് റോവര്‍ പ്രഭാവം കാണാം. ലാന്‍ഡ് റോവറില്‍ നിന്നും ഉരുത്തിരിഞ്ഞ OMEGARC അടിത്തറ ഹാരിയറിന്റെ നില്‍പ്പിന് നട്ടെല്ലായി മാറുന്നു. വശങ്ങളിലേക്ക് വലിഞ്ഞുനീണ്ടു ഒരുങ്ങുന്ന ടെയില്‍ലാമ്പുകള്‍ പിന്നഴകിന് മാറ്റുകൂട്ടും.

പ്രീബുക്കിംഗ് കമ്പനി ആരംഭിക്കാന്‍ പോവുകയാണന്ന് സൂചന. ഒക്ടോബര്‍ 15 മുതല്‍ ഹാരിയറിന്റെ ബുക്കിംഗ് ടാറ്റ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ബുക്കിംഗ് തുക 30,000 രൂപയായിരിക്കും. അടുത്തവര്‍ഷം ജനുവരിയില്‍ ഹാരിയര്‍ ഔദ്യോഗികമായി വില്‍പനയ്‌ക്കെത്തുമ്പോള്‍ മാത്രമെ എസ്‌യുവിയുടെ വില ടാറ്റ പ്രഖ്യാപിക്കുകയുള്ളൂ. രാജ്യത്തുടനീളമുള്ള ടാറ്റ ഡീലര്‍ഷിപ്പുകള്‍ ഹാരിയര്‍ എസ് യുവിയുടെ ബുക്കിംഗ് സ്വീകരിക്കും. എസ്‌യുവിയുടെ അവതരണത്തിന് പിന്നാലെ ഡീലര്‍ഷിപ്പുകളില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ള തിക്കുംതിരക്കും കണക്കിലെടുത്താണ് ബുക്കിംഗ് നേരത്തെ തുടങ്ങാനുള്ള ടാറ്റയുടെ തീരുമാനം.

രണ്ടു ഗിയര്‍ബോക്‌സ് ഓപ്ഷനുകളുള്ള 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനായിരിക്കും ടാറ്റ ഹാരിയറില്‍ തുടിക്കുക. 2.0 ലിറ്റര്‍ എഞ്ചിന് 140 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ക്കാണ് സാധ്യത കൂടുതല്‍. മുന്‍ വീല്‍ ഡ്രൈവ്, നാലു വീല്‍ ഡ്രൈവ് ഘടനകള്‍ എസ്‌യുവി അവകാശപ്പെടും.

Top