വ്യവസായ മേഖല തളരുന്നു; ഉത്പാദനത്തില്‍ ജൂണില്‍ 0.2 ശതമാനം മാത്രം വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വ്യവസായ മേഖലകളിലെ വളര്‍ച്ചയില്‍ വെല്ലുവിളികള്‍ തുടരുകയാണെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നു. എട്ട് മുഖ്യ വ്യവസായ മേഖലകളില്‍ നിന്നുള്ള മൊത്തം ഉത്പാദനത്തില്‍ 0.2 ശതമാനത്തിന്റെ നേരിയ വര്‍ധനയാണ് ജൂണില്‍ രേഖപ്പെടുത്തിയത്. എണ്ണയുമായി ബന്ധപ്പെട്ട മേഖലകളിലും സിമന്റ് ഉത്പാദനത്തിലും അനുഭവപ്പെട്ട ചുരുക്കമാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. മെയില്‍ മുഖ്യ മേഖലകളില്‍ രേഖപ്പെടുത്തിയ വളര്‍ച്ചയുടെ ശതമാനം 4.3 ആയി പുതുക്കി രേഖപ്പെടുത്തിയിട്ടുമുണ്ട്. പ്രാഥമിക വിലയിരുത്തല്‍ പ്രകാരം നേരത്തേ 5.1 ശതമാനം വളര്‍ച്ച എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

അസംസ്‌കൃത എണ്ണ ഉത്പാദനത്തിലും റിഫൈനറി ഉത്പന്നങ്ങളുടെ ഉത്പാദനത്തിലും ഇടിവ് നേരിട്ടതിനൊപ്പം പ്രകൃതി വാതകം, സിമന്റ് എന്നിവയുടെയും ഉത്പാദനം ജൂണില്‍ കുറഞ്ഞെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങള്‍, രാസവളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി തുടങ്ങിയ മേഖലകളെയാണ് രാജ്യത്തെ എട്ട് മുഖ്യ വ്യവസായങ്ങളായി പരിഗണിക്കുന്നത്.

വ്യാവസായിക ഉത്പാദന സൂചികയില്‍ (ഐഐപി) 40 ശതമാനം പങ്കാളിത്തമാണ് ഈ മേഖലകള്‍ വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 7.8 ശതമാനം വര്‍ധനയാണ് മേഖലകളിലെ മൊത്തം ഉത്പാദനത്തില്‍ ഉണ്ടായത്. ക്രൂഡ് ഓയില്‍, റിഫൈനറി വിഭാഗത്തിലെ ഉത്പാദനത്തില്‍ യഥാക്രമം 6.8 ശതമാനത്തിന്റെയും 9.3 ശതമാനത്തിന്റെയും ഇടിവാണ് ജൂണില്‍ ഉണ്ടായത്. ക്രൂഡ് ഓയില്‍ ഉത്പാദനം കഴിഞ്ഞ ഒരു വര്‍ഷമായി ഇടിവ് പ്രകടമാക്കുകയാണ്. റിഫൈനറി ഉത്പാദനത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസമാണ് ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസങ്ങളില്‍ വളര്‍ച്ച പ്രകടമാക്കിയിരുന്ന സിമന്റ് ഉത്പാദനത്തില്‍ 1.5 ശതമാനത്തിന്റെ ഇടിവാണ് ജൂണിലുണ്ടായത്. പ്രകൃതി വാതക ഉത്പാദനവും നെഗറ്റീവ് വളര്‍ച്ചയിലേക്കെത്തി.

സ്റ്റീല്‍ ഉത്പാദനത്തില്‍ 6.9 ശതമാനത്തിന്റെയും വൈദ്യുതി ഉത്പാദനത്തില്‍ 7.3 ശതമാനത്തിന്റെയും വര്‍ധന പ്രകടമായി. മുന്‍പുള്ള രണ്ട് മാസങ്ങളിലും ഇടിവ് നേരിട്ട രാസവളങ്ങളുടെ ഉത്പാദനം 1.5 ശതമാനവും കല്‍ക്കരി ഉത്പാദനം 3.2 ശതമാനവും വര്‍ധിച്ചു. കല്‍ക്കരി ഉത്പാദനം മുന്‍ മാസങ്ങളെ അപേക്ഷിച്ച് വളര്‍ച്ച മെച്ചപ്പെടുത്തിയെങ്കിലും കഴിഞ്ഞ വര്‍ഷം ജൂണില്‍ രേഖപ്പെടുത്തിയ 11.5 ശതമാനത്തെ അപേക്ഷിച്ച് വളരേ കുറവാണ് വളര്‍ച്ച.

ഏപ്രില്‍- ജൂണ്‍ കാലയളവില്‍ മൊത്തമായി 3.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് എട്ട് മുഖ്യ വ്യവസായ മേഖലകളിലുമായി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 5.5 ശതമാനമായിരുന്നു. മുഖ്യ വ്യാവസായിക മേഖലകളിലെ വളര്‍ച്ച ചുരുങ്ങിയതിനൊപ്പം ഓട്ടൊമൊബൈല്‍ ഉത്പാദനത്തിലും എണ്ണ ഇതര കയറ്റുമതിയിലും ഇടിവ് പ്രകടമായതോടെ ജൂണിലെ വ്യാവസായിക ഉത്പാദന സൂചികയിലെ വളര്‍ച്ച കേവലം 1 ശതമാനത്തിനടുത്തേക്ക് താഴ്ന്നതായി ഐസിആര്‍എ (ഐക്ര)യിലെ മുഖ്യ സാമ്പത്തിക വിദഗ്ധയായ അദിതി നയ്യാര്‍ പറയുന്നു.

Top