2 വർഷത്തിനുള്ളിൽ മലബാർ സിമന്റ്സിന്റെ ഉൽപാദനം ഇരട്ടിയാക്കും: പി. രാജീവ്

പാലക്കാട്: സിമന്റ് വില നിർണയിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉറപ്പാക്കുന്നതിനായി 2 വർഷത്തിനകം മലബാർ സിമന്റ്സിന്റെ ഉൽപാദനം ഇരട്ടിയാക്കാൻ പദ്ധതി ആരംഭിച്ചതായി മന്ത്രി പി. രാജീവ്. 6 ലക്ഷം ടൺ ഉൽപാദനം 12 ലക്ഷം ടണ്ണാക്കി ഉയർത്തും.

സംസ്ഥാനത്ത് ആവശ്യമുള്ള സിമന്റിന്റെ 25 ശതമാനമെങ്കിലും ഇവിടെ ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം. മലബാർ സിമന്റ്സിന്റെ ഉൽപാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി പോർട് ട്രസ്റ്റിലെ ഭൂമിയിൽ പുതിയ ബ്ലെൻഡിങ് യൂണിറ്റും മട്ടന്നൂർ കിൻഫ്ര ഭൂമിയിൽ ഗ്രൈൻഡിങ് യൂണിറ്റും ആരംഭിക്കും.

സർക്കാരിന്റെ കൈവശമുള്ള സ്ഥലങ്ങളിൽ കൂടുതൽ ബ്ലെൻഡിങ് യൂണിറ്റുകൾ ആരംഭിക്കും. ഈ യൂണിറ്റുകൾക്ക് ആവശ്യമായ അസംസ്കൃത വസ്തുവായ ക്ലിങ്കർ ഇറക്കുമതി ചെയ്യും. ഖനനവുമായി ബന്ധപ്പെട്ട ചെലവും നടപടികളും കണക്കിലെടുക്കുമ്പോൾ ക്ലിങ്കർ ഇറക്കുമതിയാണു ലാഭം. പൊതുമേഖലാ സ്ഥാപനങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ അവലോകനയോഗത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും പങ്കെടുത്തു.

Top