സെല്‍റ്റോസ് എസ്യുവിയുടെ ഇലക്ട്രിക് പതിപ്പിന്റെ നിര്‍മ്മാണം അടുത്ത മാസത്തോടെ ആരംഭിക്കും

കിയയുടെ ഇന്ത്യയിലെ ആദ്യ വാഹനമായ സെല്‍റ്റോസ് എസ്യുവിയുടെ ഇലക്ട്രിക് പതിപ്പ് എത്തുമെന്ന് കുറച്ചുകാലമായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അടുത്ത മാസത്തോടെ വാഹനത്തിന്റെ നിര്‍മ്മാണം തുടങ്ങും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സെല്‍റ്റോസ് ഇ വി ആദ്യം എത്തുക ചൈനീസ് വിപണിയിലായിരിക്കുമെന്നാണ് സൂചന.

ആദ്യ വര്‍ഷം ഇലക്ട്രിക് സെല്‍റ്റോസിന്റെ 1000 യൂണിറ്റ് മാത്രം നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബ്രാന്‍ഡിന്റെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്യുവി ആയിരിക്കും സെല്‍റ്റോസ് ഇവി. കിയയുടെ സഹോദരസ്ഥാപനമായ ഹ്യുണ്ടായിയുടെ ഇലക്ട്രിക് വാഹനം കോനയുമായി കരുത്ത് പങ്കിട്ടായിരിക്കും സെല്‍റ്റോസിന്റെ ഇലക്ട്രിക് പതിപ്പ് എത്തുകയെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

39.2 കിലോവാട്ട് ബാറ്ററിയും 134 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കുമേകുന്ന മോട്ടോറുമാണ് കോനയുടെ ഹൃദയം. ഇതിനുപുറമെ, 64 കിലോവാട്ട് ബാറ്ററി നല്‍കിയിട്ടുള്ള കോനയും എത്തിയിട്ടുണ്ട്. 201 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഈ പതിപ്പില്‍ നല്‍കിയിട്ടുള്ളത്.

കൂടാതെ 9.7 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ ഇലക്ട്രിക് എഞ്ചിന് കഴിയും. സെല്‍റ്റോസ് ഇവിക്കായി കാര്‍ നിര്‍മ്മാതാവ് കിയ K3 ഇവി ഇലക്ട്രിക് എഞ്ചിനും ഉപയോഗിച്ചേക്കാം. സെല്‍റ്റോസിന്റെ ഇലക്ട്രിക് പതിപ്പ് ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.

പുതുക്കിയ ഫ്രണ്ട് ബമ്പര്‍, വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്ത 17 ഇഞ്ച് അലോയ് വീലുകളും റേഡിയേറ്റര്‍ ഗ്രില്ലിലെയും ഫോഗ് ലാമ്പ് അസംബ്ലിയിലെയും നീല ഹൈലൈറ്റുകളെയും അതിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലുകളില്‍ നിന്ന് കൂടുതല്‍ വേര്‍തിരിക്കുന്നു. ലളിതവും വൃത്തിയുള്ളതുമായ രൂപകല്‍പ്പനയിലായിരിക്കും വാഹനം ഒരുങ്ങുക. മികച്ച എയറോഡൈനാമിക്‌സിനായി ഒരു അടച്ച ഗ്രില്ലായിരിക്കും വാഹനത്തിന് നല്‍കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top