‘ആദ്യദിനം നൂറുകോടി’; ‘ആദിപുരുഷ്’ കളക്ഷൻ പുറത്തുവിട്ട് നിർമാതാക്കള്‍

പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ ആദ്യദിനം നൂറുകോടി ക്ലബ്ബിൽ. സിനിമയുടെ നിർമാതാക്കളായ യുവി ക്രിയേഷൻസ് ആണ് ബോക്സ്ഓഫിസ് കണക്കുകൾ പുറത്തുവിട്ടത്. 40 കോടിയാണ് ചിത്രം ആദ്യദിനം നേടിയിരിക്കുന്ന ഗ്രോസ്. ആഗോളബോക്സ് ഓഫിസില്‍ നിന്നുള്ള സംഖ്യയാണ് ഇത്. ഒരു ബോളിവുഡ് ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഓപ്പണിങ് ആണ് ഇതെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. സമീപകാല ബോളിവുഡിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്ന ഷാറുഖ് ഖാന്‍ ചിത്രം പഠാന്റെ ആദ്യദിന കലക്‌ഷന്‍ 106 കോടി ആയിരുന്നു.

അതേസമയം കേരളത്തിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. അറുപത് ലക്ഷമാണ് കേരള കലക്‌ഷൻ. തെലുങ്കില്‍ നിന്നും 58.50 കോടി രൂപയും, ഹിന്ദിയില്‍ നിന്നും 35 കോടി രൂപയും, തമിഴില്‍ നിന്നും ഒരുകോടി രൂപയും, കന്നഡയില്‍ നിന്നും 4 ലക്ഷം രൂപയുമാണ് ചിത്രം ആദ്യദിനം നേടിയത്.

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ ചിത്രമായിരുന്നു ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തില്‍ ബാഹുബലി താരം പ്രഭാസ് ആണ് നായകനെന്നതും ചിത്രത്തിന്റെ വിപണിമൂല്യം വര്‍ധിപ്പിച്ച ഘടകമായിരുന്നു. പക്ഷേ റിലീസ് ദിനത്തില്‍ മോശം പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ആദ്യദിന കലക്‌ഷനില്‍ ഇത് പ്രതിഫലിച്ചിട്ടില്ലെന്ന് മാത്രമല്ല, ചിത്രം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി.

വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 700 കോടിയാണ്. കുട്ടികൾക്കു വേണ്ടിയുള്ള കാർട്ടൂണുകൾക്കും ഗെയിമുകൾക്കും പോലും ഇതിലും നിലവാരമുണ്ടെന്നാണ് വിമർശകരുടെ പ്രതികരണങ്ങള്‍. താനാജിക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും അഭിനയിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.

Top