ടോവിനോയും ജോജുവും പ്രതിഫലം കൂട്ടി അംഗീകരിക്കാനാകില്ലെന്ന് നിർമ്മാതാക്കൾ;തർക്കം മുറുകുന്നു

ല്ലാ മേഖലയും പോലെ തന്നെ കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായതാണ് സിനിമ മേഖലയും. കൊറോണ കലിതുള്ളി തുടങ്ങിയപ്പോൾ തിയേറ്ററുകളിൽ റിലീസ് നിർത്തിവെക്കുകയും, ചിത്രങ്ങളുടെ ഷൂട്ടിംഗ് അവസാനിപ്പിക്കുകയും ചെയ്‌തിരുന്നു. പിന്നീട് അടുത്തിടെ കടുത്ത നിയന്ത്രണങ്ങളോടെ ചിത്രീകരണം നടത്താൻ അനുമതി നൽകിയിരുന്നു.

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യത്തിന്റെ ചിത്രീകരണം ആരംഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സുരക്ഷാനിര്‍ദേശങ്ങള്‍ പാലിച്ചാണ് ചിത്രീകരണം തുടങ്ങിയതെന്നും, എന്നാണ് ഈ പ്രതിസന്ധി അവസാനിക്കുന്നതെന്ന് അറിയാത്ത സാഹചര്യത്തില്‍ കാത്തിരിക്കുന്നത് ശരിയല്ലെന്നുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറഞ്ഞ് നിരവധി താരങ്ങളായിരുന്നു എത്തിയത്. താരങ്ങള്‍ പ്രതിഫലം കുറക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിര്‍മ്മാതാക്കള്‍ എത്തിയത്. താരസംഘടനയായ അമ്മയുമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു നിര്‍മ്മാതാക്കള്‍. മോഹന്‍ലാലുള്‍പ്പടെയുള്ള താരങ്ങള്‍ പ്രതിഫലം കുറച്ചിരുന്നുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ടൊവിനോ തോമസും ജോജു ജോര്‍ജും പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ചിത്രീകരണം ഇടയ്ക്ക് വെച്ച് നിര്‍ത്തിയതോടെ പല സിനിമകളുടേയും അവസ്ഥ പരിതാപകരമായി മാറുകയായിരുന്നു. കനത്ത നഷ്ടമാണ് മലയാള സിനിമയ്ക്ക് സംഭവിച്ചതെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. ഇതിനിടയിലായിരുന്നു താരങ്ങള്‍ പ്രതിഫലം കുറക്കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കളെത്തിയത്. സൂപ്പര്‍ താരങ്ങളുള്‍പ്പടെയുള്ളവര്‍ പ്രതിഫലം കുറക്കണമെന്നായിരുന്നു ആവശ്യം. താരസംഘടനകളുമായി ചര്‍ച്ച ചെയ്യാതെ പരസ്യമായി ഇത്തരത്തിലൊരു ആവശ്യവുമായി നിര്‍മ്മാതാക്കളെത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു പലരും. ഇതിന് ശേഷമായാണ് പ്രതിഫലം കുറക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്.

സൂപ്പര്‍താരങ്ങളോട് പ്രതിഫലം കുറക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയായാണ് ചിലര്‍ തങ്ങളുടെ തുക വര്‍ധിപ്പിച്ചത്. പ്രതിഫലം കുറക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. പ്രതിഫലം കുറക്കാത്ത താരങ്ങള്‍ അഭിനയിക്കുന്ന രണ്ട് സിനിമകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നില്ല. പുതിയ ചിത്രങ്ങള്‍ക്കായി താരങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ച് പഠിക്കുന്നതിനായി ഉപസമിതിയേയും നിര്‍മ്മാതാക്കളുടെ സംഘടന നിയമിച്ചിട്ടുണ്ട്.

യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ടൊവിനോ തോമസിന്റെ സിനിമയ്ക്കും ജോജു ജോര്‍ജിന്റെ ചിത്രത്തിനുമാണ് അസോസിയേഷന്‍ അംഗീകാരം നല്‍കാതിരുന്നത്. നായകരായ ഇരുവരും പ്രതിഫലം കൂട്ടി ചോദിച്ചതാണ് വിനയായത്. കഴിഞ്ഞ ചിത്രത്തിലേതിനേക്കാളും 25 ലക്ഷം രൂപയാണ് ടൊവിനോ കൂട്ടി ചോദിച്ചത്. ജോജു ജോര്‍ജ് 5 ലക്ഷമാണ് ചോദിച്ചത്. ഇത് അംഗീകരിക്കാനാവുന്ന കാര്യമല്ല. അതാത് സിനിമകളുടെ സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെയായി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം ആലോചിക്കാമെന്നായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ മറുപടി.

Top