സിനിമാ സംവിധായകനെ കബളിപ്പിച്ച് 32 കോടി തട്ടിയെടുത്ത നിര്‍മ്മാതാവ് അറസ്റ്റില്‍

മുംബൈ : വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് സംവിധായകന്റെ കൈയ്യില്‍ നിന്ന് 32 കോടി തട്ടിയ കേസില്‍ ബോളിവുഡ് നിര്‍മ്മാതാവ് അറസ്റ്റില്‍. സംവിധായകന്‍ വാസു ഭഗ്‌നാനിയെ കബളിപ്പിച്ച കേസില്‍ നിര്‍മ്മാതാവ് പ്രേരണ അറോറയെയാണ് മുംബൈ പോലീസ് അറസ്റ്റു ചെയ്തത്.

സിനിമയുടെ വിതരണാവകാശം തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വാസു ഭഗ്‌നാനിയുടെ പൂജ എന്റര്‍ടെയിന്‍മെന്റ് എന്ന കമ്പനിയില്‍ നിന്നും പ്രേരണ പണം വാങ്ങുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. എന്നാല്‍ അവരറിയാതെ മറ്റു പല നിക്ഷേപകരില്‍ നിന്നും പ്രതി പണം വാങ്ങിയിരുന്നുവെന്നും പോലീസ് പറയുന്നു.

ഈ ചിത്രത്തിനു പുറമേ ഫന്നേ ഖാന്‍, ബട്ടി ഗുല്‍ മീറ്റര്‍ ചളു എന്നീ ചിത്രങ്ങളുടെയും വിതരണാവകാശങ്ങള്‍ തങ്ങള്‍ക്കു നല്‍കാമെന്ന് ഉറപ്പു നല്‍കിയതായി പ്രേരണയുടെ ക്രിയാര്‍ജ് എന്റര്‍ടെയിന്‍മെന്റ് കമ്പനി അറിയിച്ചിരുന്നതായി സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കേദാര്‍നാഥ്, ജോണ്‍ എബ്രഹാമിന്റെ പരമാണു, ബട്ടി ഗുല്‍ മീറ്റര്‍ ചളു, ഫന്നേ ഖാന്‍ എന്നീ ചിത്രങ്ങളുള്‍പ്പെട്ട കേസുകളിലും പ്രധാന കണ്ണിയാണ് അറസ്റ്റിലായ പ്രേരണ അറോറ. കോടതിയിലെത്തിയ ഈ കേസുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലായിരുന്നു അറസ്റ്റിലായ നിര്‍മ്മാതാവ് പ്രേരണ. ന്നാല്‍ നിര്‍മ്മാതാവിനെ കസ്റ്റഡിയിലെടുത്ത ശേഷം വിഷയം സംബന്ധിച്ച് വാസു പ്രതികരിച്ചിട്ടില്ല.

പ്രതിയെ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കസ്റ്റഡിയില്‍ റിമാന്റിലയച്ചിരിക്കുകയാണ്. ഡിസംബര്‍ 10 വരെയാണ് റിമാന്‍ഡ് കാലാവധി.

Top