പാഴ്സി മുഹമ്മദ് അന്തരിച്ചു; നഷ്ടമായത് ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാവ്

എരമംഗലം: നിര്‍മാതാവ് മാറഞ്ചേരി സ്വദേശി ടി.മുഹമ്മദ് ബാപ്പു (പാഴ്സി മുഹമ്മദ്) അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. അര്‍ബുദം ബാധിച്ച് മൂന്നുമാസമായി എടപ്പാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ വൈകുന്നേരമായിരുന്നു അദ്ദേഹം മരണമടഞ്ഞത്.

സംവിധായകന്‍ കെ.ജി.ജോര്‍ജിന്റെ കന്നിച്ചിത്രമായിരുന്ന സ്വപ്നാടനത്തിന്റെ നിര്‍മ്മാതാവായിരുന്നു അദ്ദേഹം. 1976 മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തിയ സ്വപ്നാടനം ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന അവാര്‍ഡുകളുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു. 1976-ലെ മികച്ച സിനിമാനിര്‍മാതാവിനുള്ള ദേശീയ അവാര്‍ഡ് അന്നത്തെ രാഷ്ട്രപതി ഫഖ്റുദ്ദീന്‍ അഹമ്മദില്‍നിന്നുംസംസ്ഥാന അവാര്‍ഡ് 1977 ഏപ്രിലില്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനില്‍നിന്നും പാഴ്സി മുഹമ്മദ് ഏറ്റുവാങ്ങിയിട്ടുണ്ട്.

1999-ല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജീവ്ഗാന്ധി ഫൗണ്ടേഷന്‍ സമാധാനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കുന്നവര്‍ക്കായി നല്‍കിയിരുന്ന രാജീവ്ഗാന്ധി അവാര്‍ഡ്. 2011-ല്‍ ജെയ്സി ഫൗണ്ടേഷന്‍ അവാര്‍ഡ്, 2016-ല്‍ മീഡിയാസിറ്റി ഫിലിം ടെലിവിഷന്‍ അവാര്‍ഡ്, എ.സി.കെ.മുഹമ്മദ് സ്മാരക അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ പാഴ്സി മുഹമ്മദിന് ലഭിച്ചിട്ടുണ്ട്. പരേതനായ പോഞ്ചേടത്ത് ബാപ്പുവാണ് പിതാവ്. പരേതയായ തൊട്ടിയില്‍ ആയിഷയാണ് മാതാവ്. ഭാര്യമാര്‍: കോമുണ്ടത്തേല്‍ ഖദീജ, ആമിന(മുംബൈ), മക്കള്‍ : അഷറഫ് മുഹമ്മദ്, നസീര്‍ മുഹമ്മദ്(സൗദി), രേഷ്മ, പ്രവീണ, ഷെരീഫ് മുഹമ്മദ്, മുംതാസ്(ഇരുവരും മുംബൈ). മരുമക്കള്‍ : റഫീഖ്, റഷീദ്, റംല, ഷെഹ്റിന്‍. സഹോദരന്‍: പരേതനായ തൊട്ടിയില്‍ അബൂബക്കര്‍.

Top