നിര്‍മ്മാണം അനുഷ്‌ക ശര്‍മ്മ; ‘ബുള്‍ബുള്‍’ ഇന്ന് നെറ്റ്ഫ്‌ളിക്‌സില്‍

അനുഷ്‌ക ശര്‍മ്മ നിര്‍മ്മിക്കുന്ന ഹൊറര്‍ ചിത്രമായ ‘ബുള്‍ബുള്‍’ ഇന്ന് നെറ്റ്ഫ്‌ളിക്‌സില്‍. ബംഗാള്‍ പശ്ചാത്തലമാക്കുന്ന സൂപ്പര്‍നാച്ചുറല്‍ പിരീഡ് ഹൊറര്‍ ചിത്രമാണ് ഇത്.

ശൈശവ വിവാഹത്തിലൂടെ തന്റെ സഹോദരന്റെ ഭാര്യയായ ബുള്‍ബുള്‍ എന്ന പെണ്‍കുട്ടിയെ വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അന്വേഷിച്ചു പോവുകയാണ് നായക കഥാപാത്രം. സഹോദരന്‍ ഉപേക്ഷിച്ച അവര്‍ കൊട്ടാരസദൃശമായ വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയാണ്. ദുരൂഹതയുടെ നിഴലിലുള്ള, ദുര്‍മരണങ്ങളുടെ പിടിയിലാണ് ആ ഗ്രാമം. മരങ്ങളില്‍ വസിക്കുന്ന ഒരു സത്വമാണ് ഇതിന്റെ പിന്നിലെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.

സത്യം കണ്ടെത്തുക എന്നത് നായക കഥാപാത്രത്തിന്റെ ബാധ്യതയായി മാറുന്നു. പാട്ടെഴുത്തുകാരിയും സംഭാഷണ രചയിതാവുമായി ശ്രദ്ധിക്കപ്പെട്ട അന്‍വിത ദത്തിന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം.

രാഹുല്‍ ബോസ്, പരംബ്രത ചതോപാധ്യായ്, പവോലി ദം, തൃപ്തി ദിംറി, അവിനാശ് തിവാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2018 നവംബറില്‍ നെറ്റ്ഫ്‌ളിക്‌സ് പ്രഖ്യാപിച്ച ഇന്ത്യന്‍ ഒറിജിനല്‍ സിനിമകളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടതായിരുന്നു ഈ ചിത്രം.

Top