മാത്യു കുഴൽനാടന്‍റെ കൈവശമുള്ള അധിക ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കി

 മാത്യു കുഴൽനാടന്‍റെ കൈവശം ചിന്നക്കനാൽ വില്ലേജിലുള്ള 50 സെൻ്റ് സർക്കാർ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാനുളള നടപടികൾ വേഗത്തിലാക്കി റവന്യൂ വകുപ്പ്. ആധാരത്തില്‍ ഉള്ളതിനേക്കാള്‍ അധികം ഭൂമിയുണ്ടെന്ന് അറിഞ്ഞ് തന്നെയാണ് മാത്യു കുഴല്‍നാടന്‍ ഈ ഭൂമി വാങ്ങിയതെന്നാണ് വിജിലന്‍സിന്‍റെ നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളുമായി വിജിലന്‍സും മുന്നോട്ട് പോകും.

ആധാരത്തിൽ വില കുറച്ചു കാണിച്ച് ഭൂമി രജിസ്ട്രേഷൻ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയോടെയാണ് മാത്യു കുഴൽനാടൻ്റെ ചിന്നക്കനാലിലെ ഭൂമി ഇടപാടിൻ്റെ കഥകൾ പുറത്തുവന്നത്. 2021 ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കർ ഇരുപത്തിമൂന്ന് സെൻ്റ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴൽനാടൻ്റെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരിൽ വാങ്ങിയത്. സർക്കാർ നിശ്ചയിച്ചിരിക്കുന്ന വിലയേക്കാൾ കൂടുതൽ കാണിച്ചുവെന്ന ന്യായീകരണത്തിലുടെ ഇത് മാത്യു കുഴല്‍നാടന്‍ പ്രതിരോധിച്ചു. മുഖ്യമന്ത്രിക്കെതിരെ നിലപാട് എടുത്തതിന്‍റെ പ്രതികാരമായുള്ള വേട്ടയാടലാണെന്നായിരുന്നു മാത്യു കുഴൽനാടന്‍റെ വാദം.

എന്നാല്‍ അന്വേഷണവുമായി മുന്നോട്ട് പോയ വിജിലന്‍സ് ഭൂമി അളക്കാന്‍ തയ്യാറായതോടെയാണ് ചിത്രം മാറിയത്. 50 സെന്‍റ് ഭൂമി അധികമായി കൈവശമുണ്ട്. റവന്യൂ പുറമ്പോക്ക് ഭൂമിയാണിതെന്നാണ് റവന്യൂ വകുപ്പിന്‍റെ നിലപാട്. അതിരുകള്‍ തിട്ടപ്പെടുത്തി അളന്ന് തിരിച്ചു ശേഷം ഭൂമിവാങ്ങുകയെന്ന നാട്ടുനടപ്പും ഉണ്ടായില്ല, അതുകൊണ്ടുതന്നെ അധിക ഭൂമി ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന മാത്യു കുഴൽനാടന്‍റെ വാദം റവന്യൂ വകുപ്പ് തള്ളുകയാണ്.

സംരക്ഷണ ഭിത്തി കെട്ടിയത് അധികമുള്ള സര്‍ക്കാര്‍ ഭൂമിയിലാണ്. എന്നാല്‍ മുമ്പുണ്ടായിരുന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നാണ് മാത്യു കുഴൽനാടന്‍റെ വാദം. ഇക്കാര്യം വിജിലൻസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. 2008 മുതൽ മിച്ചഭൂമി കേസില്‍ ഉൾപ്പെട്ടതിനാൽ രജിസ്ട്രേഷന്‍ നടത്തരുതെന്ന് ജില്ലാകളക്ടര്‍ ഉത്തരവിട്ട സ്ഥലമാണ് വാങ്ങിയതെന്നാണ് കണ്ടെത്തല്‍. മുന്‍ ഉടമയുടെ പേരില്‍ പോക്കുവരവ് നടന്നപ്പോള്‍ റവന്യു ഉദ്യോഗസ്ഥര്‍ ജില്ലാ കളക്ടറുടെ ഉത്തരവ് മറച്ചുവെച്ചിട്ടുണ്ടെന്നാണ് നിഗമനം. ഇക്കാര്യവും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. ചിന്നക്കനാല്‍ പഞ്ചായത്തില്‍ നിന്നും ഹോം സ്റ്റേ നടത്താനുള്ള ലൈസന്‍സും കെട്ടിടത്തിനുണ്ട്. റിസോര്‍ട്ട് നടത്താനുള്ള സൗകര്യമില്ലാത്തതിനാലാണ് ഹോം സ്റ്റേ ലൈസെന്‍സെന്നാണ് വാദം.

Top