66 കുട്ടികള്‍ മരിച്ചു; ഇന്ത്യന്‍ മരുന്ന് കമ്പനിക്കെതിരെ ലോകാരോഗ്യ സംഘടനയുടെ അന്വേഷണം

ഡൽഹി: ജലദോഷത്തിന്റെയും ചുമയുടെയും ചികിത്സയ്ക്കായി ഇന്ത്യൻ മരുന്ന് കമ്പനി ഉൽപ്പാദിപ്പിക്കുന്ന സിറപ്പുകൾക്കെതിരെ ജാഗ്രതാനിർദേശവുമായി ലോകാരോഗ്യ സംഘടന. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനി ഉൽപ്പാദിപ്പിക്കുന്ന നാല് സിറപ്പുകൾക്കെതിരെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത്.

ഗാംബിയയിൽ 66 കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ഈ കമ്പനിയുടെ സിറപ്പുകൾക്ക് ബന്ധമുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. ഈ സിറപ്പുകളിൽ ശരീരത്തിന് ഹാനികരമായ തോതിൽ വിഷവസ്തുക്കൾ അടങ്ങിയിരിക്കുന്നതായി ലബോറട്ടറിയിലെ പരിശോധനയിൽ കണ്ടെത്തി. ഇതാകാം ഗാംബിയയിൽ കടുത്ത വൃക്കരോഗത്തെ തുടർന്ന് 66 കുട്ടികൾ മരിക്കാൻ ഇടയാക്കിയതെന്നും ലോകാരോഗ്യ സംഘടനയുടെ ട്വീറ്റിൽ പറയുന്നു.

കുട്ടികളുടെ മരണം കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും വലുതാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ നാല് സിറപ്പുകളാണ് ഉപയോഗിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ഡൈ എത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും അമിതമായ അളവിൽ ഈ ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും ലോകാരോഗ്യ സംഘടനയുടെ ട്വീറ്റിൽ പറയുന്നു. ഈ ഉൽപ്പന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്കും വിതരണം ചെയ്ത് കാണാമെന്നും ലോകാരോഗ്യ സംഘടന ആശങ്കപ്പെടുന്നു.

Top