Probe Into Pakistani Funding For Kashmir Unrest Leads To 10 Bank Accounts

ന്യൂഡല്‍ഹി: കശ്മീരില്‍ നടക്കുന്ന പ്രക്ഷോഭത്തിന് സാമ്പത്തിക സഹായമെത്തിയത് ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ചുള്ള പത്ത് അക്കൗണ്ടുകള്‍ വഴിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ).

കശ്മീരില്‍ സംഘര്‍ഷാവസ്ഥ നിലനിര്‍ത്താന്‍ പാകിസ്താനില്‍ നിന്ന് സാമ്പത്തിക സഹായം എത്തിയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് പണമെത്തിയ അക്കൗണ്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് വന്‍ഇടപാടുകളാണ് നടക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ഇത്രയും വലിയ ഇടപാടുകള്‍ നടത്താന്‍ അക്കൗണ്ടുടമകള്‍ക്ക് ശേഷിയില്ലെന്നും എന്‍ഐഎ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കിയതായും ഇത്തരത്തില്‍ കാശ്മീരിലേക്ക് പണമൊഴുകുന്ന വഴികളെല്ലാം നിരീക്ഷണത്തിലാണെന്നും എന്‍ഐഎ വ്യക്തമാക്കി.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരുമാസത്തിലേറെയായി കശ്മീരില്‍ തുടരുന്ന സംഘര്‍ഷം നിലനിര്‍ത്താനായി പ്രതിഷേധക്കാര്‍ക്കിടയില്‍ 24 കോടി രൂപയോളം ഒഴുക്കിയിട്ടുണ്ടെന്നായിരുന്നു എന്‍ഐഎയുടെ കണ്ടെത്തല്‍.

കശ്മീരില്‍ പാകിസ്താന്‍ അനുകൂല പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ജമാഅത്ത് ഇസ്ലാമി, ദുക്രദാന്‍ ഇ മില്ലറ്റ് എന്നീ ഭീകരസംഘടനകളില്‍ നിന്നാണ് പണം ലഭിക്കുന്നതെന്നും എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു.

സംഘര്‍ഷം നിലനിര്‍ത്തുകയെന്ന കരാറാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നവരുമായി ഉണ്ടാക്കിയിരിക്കുന്നതെന്നും കശ്മീര്‍ മേഖലയിലെ യുവാക്കള്‍ സംഘര്‍ഷം നിലനിര്‍ത്തിക്കൊണ്ട് പോവാനുള്ള പണം നിലവില്‍ കൈപ്പറ്റി കഴിഞ്ഞതായും സംഘര്‍ഷം നിലനിര്‍ത്തിക്കൊണ്ട് പോവുന്നതിന് പാകിസ്താനില്‍ നിന്നും ഇവര്‍ക്ക് പ്രചോദനം ലഭിക്കുന്നതായുമാണ് അധികൃതര്‍ കരുതുന്നത്.

ബൂര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിന് ശേഷം കശ്മീരില്‍ തുടര്‍ന്ന് വരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 65 പേര്‍ മരിച്ചിട്ടുണ്ട്. അയ്യായിരത്തിലേറെ പേര്‍ക്ക് വിവിധ സംഭവങ്ങളിലായി പരിക്കേല്‍ക്കുകയും ചെയ്തു.

Top