Probe about irregularities in medical fees

തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലെങ്കിലും സ്വാശ്രയ മാനേജ്‌മെന്റുകളെ കുരുക്കാനൊരുങ്ങി വിജിലന്‍സ് ഡയറക്ടര്‍. വിദ്യാര്‍ത്ഥി പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയതുമായി ബന്ധപ്പെട്ടും പ്രവേശനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടും വിജിലന്‍സിന് മുന്‍പാകെ ലഭിച്ച പരാതികളില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.

സ്വാശ്രയ സമരം നടത്തിയ യുഡിഎഫ് നേതൃത്വം തലവരിപ്പണ ഇടപാടിനെതിരെ വിജിലന്‍സ് അന്വേഷിക്കണ്ട, ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ മതിയെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതിന് വിരോധമില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

നേരത്തെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടി മാനേജ്‌മെന്റുകളെയും പ്രതിപക്ഷത്തെ ചില നേതാക്കളെയും വെട്ടിലാക്കുമെന്ന് കണ്ടായിരുന്നു പ്രതിപക്ഷം വിജിലന്‍സ് അന്വേഷണത്തിനെതിരായ നിലപാട് സ്വീകരിച്ചിരുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം മിക്ക നേതാക്കളുടെയും മക്കള്‍ മുന്‍പ് പ്രവേശനം തരപ്പെടുത്തിയതിലേക്ക് അന്വേഷണം നീണ്ടാല്‍ വെട്ടിലാവുമെന്ന് ഒരു വിഭാഗം ഭയന്നിരുന്നു. ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടറുട പുതിയ നീക്കം സ്വാശ്രയ മാനേജ്‌മെന്റുകളെയും നേതാക്കളെയും പരിഭ്രാന്തിയിലാക്കുന്നതാണ്.

Top