ആർഎസ്എസ് അനുകൂല പരാമര്‍ശം; കെ സുധാകരനെതിരെ എംകെ മുനീർ

കൊച്ചി : കെഎസ്‍യു നേതാവായിരിക്കെ സിപിഎം ആക്രമണങ്ങളില്‍ നിന്ന് ആര്‍എസ്‍എസ് ശാഖകള്‍ക്ക് താന്‍ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരന്റെ പരാമര്‍ശം യുഡിഎഫിനുള്ളിൽ സൃഷ്ടിച്ചത് കടുത്ത അതൃപ്തി. കെ സുധാകരന്‍റെ ആർഎസ്എസ് പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുസ്ലിം ലീഗ് രംഗത്തെത്തി. ന്യായീകരണങ്ങള്‍ ഉള്‍ക്കൊളളാനാകുന്നില്ലെന്നും കെ സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നും ലീഗ് ഉന്നതാധികാര സമിതി അംഗം ഡോ എം കെ മുനീര്‍ തുറന്നടിച്ചു. ചിലരെ സന്തോഷിപ്പിക്കാനും മറ്റു ചിലരെ പ്രകോപിപ്പിക്കാനുമാണ് സുധാകരന്‍ ആര്‍എസ്എസ് അനുകൂല പ്രസ്താവന നടത്തുന്നതെന്നാണ് കരുതുന്നതെന്നും മുനീർ വിമർശിച്ചു.

‘ആർഎസ്എസിനെ ന്യായീകരിക്കുന്ന ഒരു സൂചന പോലും കെപിസിസി അധ്യക്ഷൻ നൽകരുതായിരുന്നു. മറ്റുള്ളവർക്ക് ആയുധം കൊടുക്കേണ്ട സമയമല്ലിതെന്ന് മനസിലാക്കണം. ആര്‍എസ്എസ് ചിന്തയുള്ളവര്‍ക്ക് കോണ്‍ഗ്രസിന് പുറത്തേക്ക് പോകാമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ളത്’. മുസ്ളീം ലീഗ് വിശ്വസിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ ഈ വാക്കുകളാണെന്നും വിഷയം കോൺഗ്രസ് ചർച്ച ചെയ്യണമെന്നും എം.കെ.മുനീര്‍ ആവശ്യപ്പെട്ടു.

കെഎസ്‍യു നേതാവായിരിക്കെ സിപിഎം ആക്രമണങ്ങളില്‍ നിന്ന് ആര്‍എസ്‍എസ് ശാഖകള്‍ക്ക് താന്‍ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരന്റെ പരാമര്‍ശം ലീഗ് നേതൃത്വം മറ്റന്നാള്‍ ചര്‍ച്ച ചെയ്യാനിരിക്കെ കൂടിയാണ് മുനീർ തന്റെ നിലപാട് പരസ്യമായി വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്, മേയറുടെ കത്ത് വിവാദം തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിലുളള അതൃപ്കിയും മുനീര്‍ പരസ്യമാക്കി.

Top