യുഎസ് സൈനികരുള്ള വ്യോമത്താവളത്തിലേക്ക് ഇരച്ചുകയറി പലസ്തീന്‍ അനുകൂലികള്‍

അങ്കാറ: പലസ്തീന്‍ അനുകൂല റാലിയിലെ ആള്‍ക്കൂട്ടം അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടുന്ന വ്യോമത്താവളത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് തുര്‍ക്കി പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ ചര്‍ച്ചകള്‍ക്കായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അങ്കാറയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവം. യുദ്ധം ആരംഭിച്ചതുമുതല്‍ തുര്‍ക്കിയില്‍ ഉടനീളം പലസ്തീന്‍ അനുകൂല റാലികള്‍ നടന്നുവരുന്നുണ്ട്.

ഞായറാഴ്ച അദാനയിലെ ഇന്‍സിര്‍ലിക് എയര്‍ബേസിലാണ് സംഭവം. പോലീസും ആള്‍ക്കൂട്ടവും ഏറ്റുമുട്ടി. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു വ്യോമത്താവളത്തിന് നേരെ തിരിയാന്‍ പലസ്തീന്‍ അനുകൂലികളെ പ്രകോപിപ്പിച്ചത്.

പലസ്തീന്‍ പതാകകളും അനുകൂല മുദ്രാവാക്യങ്ങളുമായി എത്തിയ ആള്‍ക്കൂട്ടത്തിനു നേരെ തുര്‍ക്കി പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബാരിക്കേഡുകള്‍ കടന്നെത്തിയാണ് ആള്‍ക്കൂട്ടം പോലീസുമായി ഏറ്റുമുട്ടിയത്. തുര്‍ക്കി സംഘടനയായ ഐ.ഐ.എച്ച് ഹ്യുമാനിറ്റേറിയന്‍ റിലീഫ് ഫൗണ്ടേഷനാണ് പ്രകടനം നടത്തിയത്.

Top