റഷ്യയിലെ ഡാഗെസ്താന്‍ വിമാനത്താവളത്തിലേക്ക് പലസ്തീന്‍ അനുകൂലികള്‍ ഇരച്ചുകയറിയത് സംഘര്‍ഷം

ഷ്യയിലെ ഡാഗെസ്താന്‍ വിമാനത്താവളത്തിലേക്ക് പലസ്തീന്‍ അനുകൂലികള്‍ ഇരച്ചുകയറിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഗാസയിലെ അധിനിവേശത്തില്‍ ഇസ്രയേലിനെതിരെ പ്രതിഷേധിച്ച് ഇസ്രയേലില്‍ നിന്നെത്തിയ ജൂത യാത്രക്കാരെ തേടിയാണ് ആള്‍ക്കൂട്ടം എയര്‍പോര്‍ട്ടിലേക്ക് ഇരച്ച് കയറിയത്. കഴിഞ്ഞ ദിവസം, ടെല്‍ അവീവില്‍ നിന്നുള്ള ഒരു വിമാനം നഗരത്തില്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് പ്രദേശത്തെ ആളുകള്‍ ജൂത യാത്രക്കാരെ തേടി ഒരു ഹോട്ടല്‍ ഉപരോധിക്കുകയും വിമാനത്താവളം ആക്രമിക്കുകയും ചെയ്തത്.

ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പലസ്തീന്‍ പതാകകളോ ഇസ്രായേല്‍ വിരുദ്ധ പ്ലക്കാഡുകളോ കയ്യിലുള്ള നൂറുകണക്കിന് പേരെ വീഡിയോയില്‍ കാണാവുന്നതാണ്. ഇവര്‍ മഖാച്കല അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലോഞ്ചിസേക്ക് അടക്കം ഇരച്ചുകയറുകയും വിമാനങ്ങളുടെ സമീപം എത്തി ജനാലകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ജനക്കൂട്ടത്തില്‍ ചിലര്‍ റണ്‍വേയിലേക്ക് ഓടിക്കയറി അവിടെയുള്ള വിമാനങ്ങളെ വളഞ്ഞു. അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായി റഷ്യന്‍ വ്യോമയാന ഏജന്‍സി അറിയിച്ചു. നവംബര്‍ 6 വരെ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിടുമെന്നും റോസാവിയറ്റ്‌സിയ കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ യാത്രക്കാര്‍ക്കായുള്ള തിരച്ചിലില്‍ ചില പ്രതിഷേധക്കാര്‍ യാത്രാ രേഖകള്‍ കാണണമെന്ന് ആവശ്യപ്പെട്ട് മഖച്കല വിമാനത്താവളത്തിന് പുറത്തും കാറുകള്‍ തടഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആക്രമണത്തെ തുടര്‍ന്ന് എല്ലാ ജൂതന്മാരെയും എല്ലാ പൗരന്മാരെയും സംരക്ഷിക്കണമെന്ന് ഇസ്രയേല്‍ റഷ്യയോട് അഭ്യര്‍ത്ഥിച്ചു. ജൂതന്മാര്‍ക്കും ഇസ്രയേലികള്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നതിനെതിരെ റഷ്യ ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.ഗാസയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍, ശാന്തത പാലിക്കണമെന്നും അത്തരം അക്രമ സമരങ്ങളില്‍ പങ്കെടുക്കരുതെന്നും റഷ്യ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. സിവില്‍ ഡിസോര്‍ഡേഴ്‌സിനായി ഒരു ക്രിമിനല്‍ കേസ് ആരംഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

 

Top