മണിപ്പുരില്‍ മെയ്ത്തി അനുകൂലസംഘടനകള്‍ക്ക് യു.എ.പി.എ പരിധിയിലുള്‍പ്പെടുത്തി അഞ്ചുവര്‍ഷത്തേക്ക് നിരോധനം

ന്യൂഡല്‍ഹി: വംശീയകലാപം തുടരുന്നതിനിടെ മണിപ്പുരിലെ മെയ്ത്തി ഗോത്ര അനുകൂല സംഘടനകളെ നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കി. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധനനിയമ (യു.എ.പി.എ) ത്തിന്റെ പരിധിയിലുള്‍പ്പെടുത്തി അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. മേയ് മൂന്നുമുതലാണ് സംസ്ഥാനത്തെ പ്രബലരായ മെയ്ത്തികളും, കുക്കികളും തമ്മില്‍ വംശീയകലാപം ആരംഭിച്ചത്. ഗോത്രവര്‍ഗക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മേയ് മൂന്നിന് നടന്ന മാര്‍ച്ചിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പട്ടികവര്‍ഗ പദവി നല്‍കണമെന്ന മെയ്ത്തി വിഭാഗക്കാരുടെ ആവശ്യത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.

പീപ്പിള്‍സ് ലിബറേഷന്‍സ് ആര്‍മി (പി.എല്‍.എ), ഇതിന്റെ രാഷ്ട്രീയ സംഘടനയായ റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട് (ആര്‍.പി.എഫ്), യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്(യു.എന്‍.എല്‍.എഫ്), ഇതിന്റെ സായുധവിഭാഗമായ മണിപ്പര്‍ പീപ്പിള്‍സ് ആര്‍മി(എം.പി.എ), പീപ്പിള്‍സ് റെവലൂഷണറി പാര്‍ട്ടി ഓഫ് കങ്ലെയ് പാക്ക് (പി.ആര്‍.ഇ.പി.എ.കെ), ഇതിന്റെ സായുധവിഭാഗമായ റെഡ് ആര്‍മി, കങ്ലെയ്പാക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (കെ.സി.പി), ഇവരുടെ സായുധസംഘടന റെഡ് ആര്‍മി, കങ്ലെയ് യഓല്‍ കന്‍ബ ലുപ്പ് (കെ.വൈ.കെ.എല്‍), ദ കോര്‍ഡിനേഷന്‍ കമ്മിറ്റി (കോര്‍കോം), അലയന്‍സ് ഫോര്‍ സോഷ്യലിസ്റ്റ് യൂണിറ്റി കങ്ലെയ്പാക്ക് (എ.എസ്.യു.കെ.) തുടങ്ങി സംഘടനകളെയാണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് നിരോധിച്ചത്.

നവംബര്‍ 13 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഉത്തരവിന്റെ കാലാവധി അഞ്ചുവര്‍ഷമാണ്. ‘സായുധ പോരാട്ടത്തിലൂടെ മണിപ്പുരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തി ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുകയും മണിപ്പുര്‍ ജനതയെ ഇതിന് പ്രേരിപ്പിക്കുകയും ചെയ്യലാണ് ഈ സംഘടനകളുടെ പ്രഖ്യാപിത ലക്ഷ്യം. മെയ്ത്തി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഹാനികരമാണ്. രാജ്യത്തിനു പുറത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും നിയമവിരുദ്ധമായി ശേഖരിക്കുന്നുമുണ്ട്. തദ്ദേശീയരെ കൊലപ്പെടുത്തുകയും പോലീസിനേയും സുരക്ഷാസേനയേയും ഇവര്‍ ലക്ഷ്യംവെക്കുകയും ചെയ്യുന്നു. അതിനാല്‍ ഇത്തരം സംഘടനകളെ അടിയന്തരമായി നിയന്ത്രിക്കേണ്ടതുണ്ട്- വിജ്ഞാപനത്തില്‍ പറയുന്നു.

Top