പ്രോ കബഡി ലീഗ് എട്ടാം സീസണ് ഇന്ന് തുടക്കം

പ്രോ കബഡി ലീഗ് എട്ടാം സീസൺ ഇന്നു വൈകിട്ട് 7.30ന് ബെംഗളൂരുവിൽ കൊടിയേറും. കോവിഡ് മൂലമുണ്ടായ 20 മാസത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന ലീഗിൽ പക്ഷേ കാണികൾക്കു പ്രവേശനമില്ല.എല്ലാ ടീമുകളും രണ്ടുവട്ടം പരസ്പരം ഏറ്റുമുട്ടുന്ന ഡബിൾ റൗണ്ട് റോബിൻ ഫോർമാറ്റിലായിരിക്കും പ്രാഥമിക ഘട്ട മത്സരങ്ങൾ.

ഗ്രൂപ്പ് മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന 2 ടീമുകൾക്ക് നേരിട്ട് സെമി ഫൈനലിലെത്താം. പട്ടികയിലെ 3 മുതൽ 6 വരെ സ്ഥാനങ്ങളിലുള്ള 4 ടീമുകൾ പ്ലേ ഓഫിൽ ശേഷിക്കുന്ന 2 സെമി ബെർത്തുകൾക്കായി പോരാടും. സെമിയിൽ വിജയിച്ചാൽ പ്രോ കബഡി ലീഗ് എട്ടാം സീസൺ കിരീടപ്പോരാട്ടം. ഇന്നു മുതൽ ആദ്യ 4 ദിവസങ്ങളിലും തുടർന്ന് ശനിയാഴ്ചകളിലും 3 മത്സരങ്ങൾ വീതമുണ്ടാകും. 7.30, 8.30, 9.30 എന്നിങ്ങനെയാണ് ‘ട്രിപ്പിൾ പംഗ’കളുടെ മത്സരസമയം.

മറ്റു ദിവസങ്ങളിൽ 2 മത്സരങ്ങൾ, 7.30നും 8.30നും. ബെംഗളൂരു ബുൾസും യു മുംബയും തമ്മിലാണ് ഉദ്ഘാടന മത്സരം. ആദ്യഘട്ട മത്സരങ്ങൾ ജനുവരി 20ന് തമിഴ് തലൈവാസ് ഗുജറാത്ത് ജയിന്റ്സ് മത്സരത്തോടെ പൂർത്തിയാകും. തുടർന്നുള്ള മത്സരവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും മത്സരങ്ങൾ തത്സമയം കാണാം

Top