ന്യൂയോർക്കിൽ ഇസ്രായേൽ-പലസ്തീൻ അനുകൂലികൾ തമ്മിൽ സംഘർഷം

ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റിയിൽ ഇസ്രായേൽ-പലസ്തീൻ അനുകൂലികൾ തമ്മിൽ ഏറ്റുമുട്ടൽ. ടൈംസ് സ്‌ക്വയറിലാണ് സംഭവം. ഇസ്രായേലും ഹമാസ് ഭീകരരും തമ്മിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെയാണ് ന്യൂയോർക്കിൽ പ്രക്ഷോഭകർ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഇസ്രായേൽ പ്രഖ്യാപിച്ച വെടിനിർത്തൽ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ പ്രാബല്യത്തിൽ വരുമെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധ പ്രകടനങ്ങൾ നടന്നത്.

ആൾക്കൂട്ടത്തിന് നടുവിലേക്ക് പ്രക്ഷോഭകർ സ്‌ഫോടക വസ്തുക്കൾ എറിഞ്ഞതായാണ് വിവരം. ഒരു കാറിൽ നിന്നാണ് ഇവ എറിഞ്ഞതെന്നും സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായും ന്യൂയോർക്ക് പൊലീസ് അറിയിച്ചു. സംഭവത്തിൽ ന്യൂയോർക്ക് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൻറെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് നിരവധി പേരെ പൊലീസ് അറസ്റ്റ്  ചെയ്‌തു . കഴിഞ്ഞയാഴ്ച മുതൽ പലസ്തീൻ അനുകൂലികൾ ന്യൂയോർക്കിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Top